അന്പലപ്പുഴ: ബാക്കിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ചായക്കട നടത്തുന്ന വീട്ടമ്മയ്ക്കു വെട്ടേറ്റു. പുന്നപ്ര വടക്കു പഞ്ചായത്ത് മൂന്നാം വാർഡിൽ താനാകുളം അമ്മൂസ് ദേവസ്വം പറന്പിൽ ബാലുമേനോന്റെ ഭാര്യ സരസ്വതിയെ (47) ആണ് വെട്ടേറ്റ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്നലെ രാവിലെ പത്തോടെ ആയിരുന്നു സംഭവം. ഇവർ നടത്തുന്ന ചായക്കടയിൽ ഭക്ഷണം കഴിക്കാനെത്തിയ വാടയ്ക്കൽ തൈപറന്പ് വീട്ടിൽ മണിയപ്പനാ (66) ണ് സരസ്വതിയെ വെട്ടി പരിക്കേൽപ്പിച്ചത്. കഴിഞ്ഞദിവസം ഭക്ഷണത്തിനുശേഷം 500 രൂപയുടെ നോട്ട് ഇയാൾ സരസ്വതിക്ക് കൊടുത്തിരുന്നു.
ഇവർ ബാക്കി രൂപ തിരിച്ചുനൽകിയെങ്കിലും ഇന്നലെ രാവിലെ എത്തി ബാക്കി പണം തിരികെ നൽകിയില്ലെന്ന് ആരോപിച്ച് വാക്കേറ്റമുണ്ടാക്കുകയും കൈയിൽ കരുതിയിരുന്ന കൊടുവാൾ ഉപയോഗിച്ച് സരസ്വതിയെ തലയ്ക്കും കൈക്കും വെട്ടി പരിക്കേല്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ സരസ്വതിയെ ഉടൻ നാട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച മണിയപ്പനെ നാട്ടുകാർ പിടികൂടി പുന്നപ്ര പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പുന്നപ്ര എസ്ഐ അബ്ദുൾ റഹിമിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ പിടികൂടാനൊരുങ്ങുന്പോഴും കുതറിയോടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. എഎസ്ഐ സിദ്ധിഖ്, സിപിഒമാരായ അജീഷ്, ബിജോയ്, വിനോദ് എന്നിവർ പോലീസ് സംഘത്തിലുണ്ടായിരുന്നു.
26 വർഷം മുന്പു സ്വത്ത് തർക്കത്തെ തുടർന്ന് സ്വന്തം പിതാവ് ദാമോദരനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിനു ശേഷം 2011-ലാണ് ഇയാൾ പുറത്തിറങ്ങിയത്. വധശ്രമത്തിന് കേസെടുത്ത പ്രതിയെ അന്പലപ്പുഴ കോടതി റിമാൻഡു ചെയ്തു.