പാനൂർ: ചെറുപ്പറമ്പ് ചിറ്റാരിതോടിൽ ലീഗ് പ്രവർത്തകനെ കാറ് തടഞ്ഞുനിർത്തി വെട്ടി ക്കൊല്ലാൻ ശ്രമം. യൂത്ത് ലീഗ് പ്രവർത്തകനായ പറമ്പഞ്ചേരി മഹമൂദിന് ( 36 ) നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രി 10.15 ഓടെ വീട്ടിൽ നിന്ന് ടൗണിലേക്ക് ഇന്നോവ കാറിൽ പോകുമ്പോൾ കല്ലിടുക്ക് പള്ളിക്ക് സമീപം വച്ച് മഹമൂദ് സംഞ്ചരിച്ച കാറിന് നേരെ ഒരു സംഘം ബോംബെറിയുകയും കാറിൽ നിന്ന് വലിച്ചിറക്കി മഹമൂദിനെ വെട്ടുകയുമായിരുന്നു.
ഇദ്ദേഹം സഞ്ചരിച്ച കാറും അക്രമിസംഘം അടിച്ചുതകർത്തിട്ടുണ്ട്. കൈക്കും മുഖത്തും വെട്ടേറ്റ മഹമൂദിനെ തലശേരിയിൽ നിന്ന് പ്രാഥമികശുശ്രുഷ നൽകി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഎം പ്രവർത്തകരാണ് അക്രമിച്ചതെന്ന് മഹമൂദ് പറഞ്ഞു. കല്ലിടുക്ക് ജുമാ മസ്ജിദുമായി ബന്ധപ്പെട്ട് കാന്തപുരം വിഭാഗത്തിനെതിരെ മഹമൂദ് സംസ്ഥാന വഖഫ് ബോർഡിൽ പരാതി നൽകിയിരുന്നു.കഴിഞ്ഞ ദിവസം ഈ പരാതിയിന്മേൽ ഹിയറിംഗ് നടന്നിരുന്നു.