ചാരുംമൂട് : ടൂറിസം പദ്ധതി പ്രഖ്യാപിച്ച വെട്ടിക്കോട് ചാൽ കടുത്തവേനലിൽ വറ്റി വരണ്ടു. കഴിഞ്ഞ 2018 ൽ വെട്ടിക്കോട് ചാലിൽ ടൂറിസം പദ്ധതി നടപ്പിലാക്കാൻ 1.4 കോടിയുടെ ഭരണാനുമതി സംസ്ഥാന സർക്കാരിൽ നിന്നും ലഭിച്ചെങ്കിലും പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ പ്രഖ്യാപനത്തിൽ ഒതുങ്ങി.
ഒരു ലക്ഷം ടൂറിസം വകുപ്പും, 40 ലക്ഷം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും, 25 ലക്ഷം ആലപ്പുഴ ജില്ലാ പഞ്ചായത്തും, 10 ലക്ഷം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തും 5 ലക്ഷം ചുനക്കര പഞ്ചായത്തും വിനിയോഗിച്ച് ടൂറിസം പദ്ധതി നടപ്പിലാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഓണാട്ടുകരയിലെ പ്രധാന ജലസ്രോതസാണ് വെട്ടിക്കോട് ചാൽ. എന്നാലിപ്പോൾ കൊടും വേനലിൽ ചാൽ പൂർണമായി വറ്റിവരണ്ടിരിക്കുകയാണ്.
കായംകുളം പുനലൂർ കെ പി റോഡിൽ ചുനക്കര ഭരണിക്കാവ് പഞ്ചായത്തുകളുടെ അതിർത്തിയിലാണ് ചാൽ സ്ഥതിചെയ്യുന്നത്. നയനമനോഹരമായ കാഴ്ച നൽകുന്ന ഈ ജലാശയത്തിൽ കക്കൂസ് മാലിന്യങ്ങൾ ഉൾപ്പടെ തള്ളി മലിനമാക്കാൻ ശ്രമം നടന്നിരുന്നു. ഇതേ തുടർന്ന് പഞ്ചായത്ത് ഇവിടെ മാലിന്യ നിക്ഷേപം നിരോധിക്കുകയും ചെയ്തു.
തുടർന്നാണ് ഇവിടെ ടൂറിസം പദ്ധതി ആവിഷ്ക്കരിച്ചത്. ജലസംഭരണിയുടെ സംരക്ഷണ മതിലിന്റെ നിർമ്മാണവും ചാലിൻന്റെ നവീകരണവും ഒന്നാംഘട്ടത്തിൽ ആരംഭിച്ചതല്ലാതെ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ടു മറ്റു നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും ഇവിടെ നടന്നില്ല. വിശ്രമകേന്ദ്രം, ചാലിന് ചുറ്റും നടപ്പാത, കൂട്ടികളുടെ പാർക്ക്, ഇൻഫർമേഷൻ സെന്റർ, ടോയ്ലറ്റ് ബ്ലോക്ക്, സൈക്കിളിംഗ് സംവിധാനം എന്നിവയാണ് ടൂറിസം പദ്ധതിയിൽ ലക്ഷ്യമിടുന്നത്.