കോട്ടയം: ജില്ലയിലെ തൊഴിലാളിസംഘടനയുടെ മുഖം നഷ്ടപ്പെട്ട് അപമാനിതരായിരിക്കുകയാണ് സിഐടിയു നേതൃത്വം. തിരുവാര്‍പ്പിലെ പ്രാദേശിക നേതൃത്വവും മോട്ടോര്‍ തൊഴിലാളി യൂണിയനുമാണ് വിഷയം ഇത്രയധികം വഷളാക്കിയതെന്ന് സിഐടിയു ജില്ലാ നേതാക്കള്‍ തന്നെ കുറ്റപ്പെടുത്തുന്നു.
സിപിഎം ജില്ലാ നേതൃത്വത്തിനും സമരത്തില്‍ അതൃപ്തിയുണ്ട്. ജില്ലയില്‍നിന്നുള്ള മന്ത്രിയുടെ മണ്ഡലത്തില്‍ ഇത്തരത്തിലുള്ള സമരം നടന്നതില്‍ മന്ത്രിയും അതൃപ്തി രേഖപ്പെടുത്തി.
സമരം കൈവിട്ടുപോകുകയും ആക്രമണത്തിലേക്ക് കലാശിക്കുകയും ചെയ്തതോടെ മന്ത്രി ഇടപെട്ടാണ് തൊഴില്‍ മന്ത്രിയുമായി ചര്‍ച്ച നടത്തി ലേബര്‍ ഓഫീസറുടെ മുമ്പിലെ ചര്‍ച്ചയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.
കൊടികുത്തി സമരവും അതിനെത്തുടര്‍ന്ന് ബസ് ഉടമ കോട്ടും സ്യൂട്ടുമണിഞ്ഞ് ഇരുമ്പു കസേരയിലിരുന്ന് സമരം നടത്തിയതും സംസ്ഥാനമൊട്ടാകെ വലിയ ചര്‍ച്ചയായിരുന്നു.
സോഷ്യല്‍ മീഡിയായില്‍ സിപിഎമ്മും സിഐടിയുവും വലിയ ആക്രമണം നേരിട്ടു. ട്രോളുകളിലൂടെയും വരവേല്പ് സിനിമയുമായി ഉപമിച്ചും വലിയ ആക്ഷേപങ്ങളും പരിഹാസങ്ങളുമുണ്ടായി.
ഇതോടെയാണ് സിഐടിയുവിന്റെ മുഖം നഷ്ടപ്പെട്ട് അപമാനിതനായത്. മോട്ടോര്‍ തൊഴിലാളി യൂണിയനിലെ ചില നേതാക്കള്‍ ബസ് ഉടമ പറയുന്ന കാര്യങ്ങള്‍ സത്യമാണെന്നും തൊഴിലാളികള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ തങ്ങള്‍ക്ക് നിലനില്പ്പില്ലെന്നു വരെ പറഞ്ഞതായും സംസാരമുണ്ട്.
മാധ്യമ പ്രവർത്തകനെ ആക്രമിച്ച സംഭവവും സിഐടിയു നേതൃത്വത്തിനെതിരേ വലിയ വിമർശനമുയർത്തി. മാധ്യമ പ്രവർത്തകനെ ആക്രമിച്ച നടപടിക്കെതിരേ സിപിഐയും സിഐടിയുവിനെ വിമർശിച്ചിരുന്നു.
കോടതിവിധി നടപ്പാക്കാന്‍ പോലീസ് തയാറാകുന്നില്ല: അഡ്വ. കാർജറ്റ്
തൊഴില്‍ സമരങ്ങളില്‍ കോടതി വിധി നടപ്പാക്കാന്‍ പോലീസ് തയാറാകുന്നില്ലെന്നും പലപ്പോഴും യൂണിയനുകളുടെയും ഭരണപക്ഷത്തിന്റെയും ചട്ടുകങ്ങളായിട്ടാണ് പോലീസ് പ്രവര്‍ത്തിക്കുന്നതെന്നും നിരവധി തൊഴില്‍ തര്‍ക്കങ്ങളില്‍ ഹൈക്കോടതിയില്‍നിന്ന് ഉടമയ്ക്ക് അനുകൂലമായ വിധി സമ്പാദിച്ചു നല്‍കിയിട്ടുള്ള കോട്ടയത്തെ പ്രമുഖ അഭിഭാഷകൻ കാര്‍ജറ്റ് കൊടുവത്ത് പറഞ്ഞു.
വെട്ടിക്കുളങ്ങര ബസ് ഉടമ രാജ്മോഹനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായതും ഇദ്ദേഹമായിരുന്നു. തിരുവാര്‍പ്പ് സമരത്തില്‍ സിഐടിയുവിന്റെ ധാര്‍ഷ്ട്യവും ധിക്കാരവുമാണ് കാണാന്‍ കഴിഞ്ഞത്.
ഒപ്പം ഭരണത്തിന്റെ തണലിലുള്ള അഴിഞ്ഞാട്ടവും. ബസ് സര്‍വീസ് നടത്താന്‍ പോലീസ് സംരക്ഷണം നല്‍കണമെന്ന് കോടതി ഉത്തരവിട്ടിട്ടും പോലീസ് കാഴ്ചക്കാരായി. അഡ്വ. കാര്‍ജറ്റ് കുറ്റപ്പെടുത്തി.