കോട്ടയം: കൊടികുത്തി സമരം ഒത്തു തീര്‍ന്നതോടെ വെട്ടിക്കുളങ്ങര ബസ് സർവീസ് പുനഃരാരംഭിച്ചു. തിരുവാര്‍പ്പിലെ സ്വകാര്യ ബസുടമ രാജ് മോഹന്‍ കൈമളും സിഐടിയു നേതാക്കളും ഇന്നലെ ലേബര്‍ ഓഫീസറുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് കൊടികുത്തി സമരം ഒത്തുതീര്‍ന്നത്.
തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരം ജില്ലാ ലേബര്‍ ഓഫീസർ നടത്തിയ ചര്‍ച്ചയിലാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്.
എല്ലാ ജീവനക്കാര്‍ക്കും നാലു ബസിലും തുല്യ തൊഴില്‍ദിനങ്ങള്‍ നാലു മാസത്തേക്ക് അനുവദിക്കണമെന്ന നിര്‍ദേശത്തിലാണു ചര്‍ച്ച ഒത്തു തീര്‍ന്നത്.
എട്ട് ഡ്രൈവര്‍, ഏഴ് കണ്ടക്ടര്‍ എന്നിവരടക്കം നാലു ബസിലെ 15 ജീവനക്കാരില്‍ ഡ്രൈവര്‍ക്ക് കുറഞ്ഞത് 15 ദിവസവും കണ്ടക്ടര്‍ക്ക് 17 ദിവസവും തൊഴില്‍ദിനങ്ങളായി നല്‍കണമെന്നാണു വ്യവസ്ഥ
. ഈ രീതിയില്‍ നാലു മാസത്തെ പ്രവര്‍ത്തനത്തനത്തിനു ശേഷം ബസുടമയ്ക്കും തൊഴിലാളിക്കും എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ വീണ്ടും ചര്‍ച്ച ചെയ്ത് പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നും നിബന്ധനയുണ്ട്.
ജൂലൈ മൂന്നു മുതല്‍ തൊഴിലാളികള്‍ ജോലിയില്‍ തിരികെ പ്രവേശിക്കും. കൂലി വര്‍ധന സംബന്ധിച്ച വിഷയത്തില്‍ തല്‍സ്ഥിതി തുടരും. ഈ വ്യവസ്ഥകളുള്ള ഒത്തുതീര്‍പ്പ് കരാര്‍ നാലു മാസത്തേക്കാണ് ബാധകമാകുക.