നെടുമങ്ങാട് : കോവിഡ് മഹാമാരിയെ തുടർന്ന് വിപണിയില്‍ വെറ്റിലയ്ക്ക് വിലയിടിഞ്ഞതോടെ വെറ്റിലകര്ഷകര്ദുരിതത്തിൽ.നൂറ് വെറ്റിലയുള്ള ഒരുകെട്ടിന് അഞ്ചുമുതല്‍ 10രൂപ വരെ മാത്രമാണ് കര്‍ഷകര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത്.
ആറുമാസം മുമ്പ് വരെ കെട്ടിന് 160 രൂപ ലഭിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ അഞ്ച് രൂപയ്ക്ക് വില്‍ക്കേണ്ടി വരുന്നത്. വിവാഹത്തിനും ഉത്സവങ്ങള്‍ക്കും പൂജയ്ക്കും ചികിത്സക്കും ഒഴിച്ചുകൂടാനാവാത്ത വെറ്റിലയ്ക്ക് വിലയിടിഞ്ഞതോടെയാണ് കര്‍ഷകര്‍ വിഷമവൃത്തത്തിലായത്.
കോവിഡ് വന്നതോടെ വിവാഹങ്ങളും ഉത്സവങ്ങളും നിലച്ചു. ഇതോടെ വെറ്റിലയുടെ ആവശ്യകതയും ചെലവും കുറഞ്ഞു. പനവൂര്‍, ആനാട്, വിതുര, വെള്ളനാട്, അരുവിക്കര പഞ്ചായത്തുകളിലായി നൂറുകണക്കിന് കുടുംബങ്ങളാണ് വെറ്റിലക്കൊടിയിലൂടെ ജീവിതം കണ്ടെത്തുന്നത്.
നെടുമങ്ങാട് ചന്തയാണ് ഇവരുടെയെല്ലാം ആശ്രയം.ആഴ്ച്ചയില്‍ രണ്ടുദിവസം ചന്തയില്‍ വെറ്റിലയുമായെത്തിയാല് നിരാശരായി മടങ്ങാനാണ് വിധിയെന്ന് കര്‍ഷകര്‍ പറയുന്നു. 3000മുതല്‍ 4000രൂപ വരെ കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 300രൂപ പോലും തികച്ചു കിട്ടുന്നില്ലെന്ന് കർഷകർ പറയുന്നു.
ആറുമുതല്‍, ഏഴുമാസം വരെ നല്ല പരിചരണം നല്കിയാല് മാത്രമേ വെറ്റിലക്കൊടിയില്‍ നിന്നും വിളവെടുക്കാനാകു. ഇക്കാലമത്രയും സ്വന്തം പോക്കറ്റില്‍ നിന്നാണ് പണം ചെലവിടേണ്ടത്.10000മുതല്‍ 15000രൂപവരെ ചെലവിട്ടാണ് വിളവിറക്കുന്നത്. വിപണിയില്‍ വിലയില്ലെങ്കിലും വെറ്റിലനുള്ളിയെടുത്തേ മതിയാകു.
ഇല്ലെങ്കില്‍ കൊടിമുറ്റിപ്പൊകും. പിന്നീട് വള്ളിയില്‍ നിന്നും നല്ല വിള ലഭിക്കില്ല. നിലവില്‍ വെറ്റിലയുമായി ചന്തയിലെത്തിയാല്‍ വാങ്ങാന്‍ ആളില്ലാത്ത സ്ഥിതിയാണ്.ഇക്കഴിഞ്ഞ മാസം പലദിവസങ്ങളിലും ചന്തയിലേക്ക് കൊണ്ടുപോയ വെറ്റില തിരിച്ചുകൊണ്ടുവന്ന് കൊടിയുടെ ചുവട്ടില്‍ തന്നെ വളമായി തള്ളിയ കര്‍ഷകരുമുണ്ട്.