പൂച്ചാക്കല്‍: വെറ്റിലക്കൃഷി ചെയ്യുന്ന കര്‍ഷകര്‍ ദുരിതത്തിൽ. വേനല്‍ച്ചൂട് വര്‍ധിച്ചതോടെ വെറ്റില മുരടിക്കുകയും വലിപ്പം കുറഞ്ഞ് ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയിലുമാണ്.
ഒരുദിവസം 100 കെട്ട് വെറ്റിലവരെ കടകളില്‍ കൊടുത്തിരുന്ന സ്ഥാനത്ത് ഇന്ന് ഇരുപതും മുപ്പതും കെട്ടുകളാണ് വില്ക്കാന് പറ്റുന്നത്. ഒരു കെട്ടില്‍ നല്ല വലുപ്പമുള്ള വെറ്റിലയാണെങ്കില്‍ ഇരുപത്തഞ്ചും മുപ്പതും വെറ്റില മതിയായിരുന്ന സ്ഥാനത്ത് മുരടിച്ച് ചെറുതായതിനാല്‍ 50 വെറ്റിലയോളം വെക്കണം. 70 വെറ്റില അടങ്ങിയ ഒരു കെട്ടിന് 100 രൂപ മുതല്‍ 200 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്ത് 30-40 രൂപയാണ് ലഭിക്കുന്നത്.
വരുമാനം കുത്തനെ കുറഞ്ഞതിനാല്‍ ജീവിതം വഴിമുട്ടിയതായി വെറ്റില കര്‍ഷകനായ പാണാവള്ളി പഞ്ചായത്തില്‍ പതിനഞ്ചാം വാര്‍ഡില്‍ ഗൗരിശങ്കരം വീട്ടില്‍ ഡി. സാമ്പു പറയുന്നു.
വെറ്റില കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന മുഴുവന്‍ കര്‍ഷകരുടെയും സ്ഥിതി സമാനമാണ്. വേനല്‍മഴ ലഭിച്ചാല്‍ മാത്രമേ ഇതിന് ഒരു പരിഹാരം ഉണ്ടാകൂ. കൂടാതെ പൂപ്പല്‍രോഗവും പുള്ളിക്കുത്ത് രോഗവും കര്‍ഷകരെ ആശങ്കയിലാക്കുന്നുണ്ട്.
വിളവെടുപ്പിനു പാകമായ വെറ്റിലയില്‍ കറുത്തപാടുകള്‍ കാണപ്പെടുകയും പിന്നീട് കൃഷിയുടെ നാശത്തിനുതന്നെ അവസ്ഥയിലേക്കെത്തുകയുമാണു ചെയ്യുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു.
പടര്‍ന്നുപിടിക്കുന്ന രോഗമായതിനാല്‍ ആരംഭത്തില്‍ തന്നെ വെറ്റിലക്കൊടി മുഴുവനായും നശിപ്പിച്ചു കളയുകയാണ് കര്‍ഷകര്‍ ചെയ്യുന്നത്. കുമ്മായവും തുരിശും ചേര്‍ത്ത മിശ്രിതം തളിച്ചാല്‍ ഒരു പരിധിവരെ ചെറുക്കാനാകും എന്ന് കൃഷി അധികൃതര്‍ വ്യക്തമാക്കി. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെപ്പോലെ തങ്ങളുടെ ദുരിതം മാറാന്‍ വേനല്‍മഴയ്ക്കായി കാത്തിരിക്കുകയാണ് വെറ്റില കര്‍ഷകര്‍.