വടകര: ലോക്ക്ഡൗണിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കു പോലും നിയന്ത്രണം നിലനിൽക്കെ പുകയിലയും വെറ്റിലയും അടക്കയും നിർബാധം വിറ്റഴിയുന്നു.
നഗരഹൃദയഭാഗമായ അഞ്ചു വിളക്ക് ജംഗ്ഷനു സമീപത്താണ് ഈ കാഴ്ച. ചവയ്ക്കുന്ന പുകയില ഉത്പന്നങ്ങളുടെ ഉപയോഗം നിരോധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയതൊന്നും വടകരയിൽ ബാധകമല്ല.
കോവിഡ് വ്യാപനം തടയാനുള്ള മുൻകരുതലെന്ന നിലക്കാണ് ഇത്തരം ഉത്പന്നങ്ങൾ നിരോധിച്ചത്. പാൻമസാല, അടക്ക എന്നിവ ചവയ്ക്കുന്നത് തുപ്പാനുള്ള പ്രേരണ വർധിപ്പിക്കുമെന്ന കാരണത്താലാണ് നിരോധനം കർക്കശമാക്കിയത്.
എന്നാൽ വടകരയിൽ സ്ഥിതി മറിച്ചാണ്. വെറ്റിലയാണ് ഇവിടത്തെ പ്രധാന ഇനം. ചവച്ച് തുപ്പുകയാണ് ഇത് ഉപയോഗിക്കുന്നവർ ചെയ്യുന്നത്. ‘തുപ്പല്ലേ തോറ്റുപോകും’ എന്ന സംസ്ഥാന സർക്കാറിന്റെ പ്രചാരണ മുദ്രാവാക്യമൊന്നും തുപ്പാൻ പ്രേരണ നൽകുന്നവ വിൽക്കുന്നതിനു ബാധകമല്ല.
ലോക്ക്ഡൗണ് തുടങ്ങിയ നാളിൽ വിൽപന നിർത്തിയിരുന്നെങ്കിൽ പിന്നീട് നിയന്ത്രണമില്ലാതെ വിൽപന തുടങ്ങി. ഇപ്പോൾ സുലഭമാണ് കാര്യങ്ങൾ. മറ്റ് ഇനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ പൂട്ടിക്കാൻ ഓടി നടക്കാറുള്ള അധികാരികൾ ഇക്കാര്യം മറന്നുപോകുന്നു. അടക്കയും വെറ്റിലയും പുകയിലയും ഇവിടെ യഥേഷ്ടം ലഭിക്കും.
പുലർച്ചെ നാലു മണിക്കു മുന്പു തന്നെ വിൽപന ആരംഭിക്കുന്നതാണ് ഇവിടത്തെ രീതി. രാവിലെ പത്ത് മണി പിന്നിടുന്പോഴേക്കും ആവശ്യക്കാർ വന്നു സാധനം കൈക്കലാക്കിയിരിക്കും. ഇവ കിട്ടുന്ന സമയമൊക്കെ ആവശ്യക്കാർക്കു നന്നായി അറിയാം.
അതുകൊണ്ടു തന്നെ അതിരാവിലെ എത്തി സാധനവുമായി മടങ്ങുന്നു. വടകരയുടെ സമീപ പ്രദേശങ്ങളിലേക്കെല്ലാം ഇവിടെ നിന്നാണ് വെറ്റിലയും പുകയിലയും അടക്കയും കൊണ്ടുപോകുന്നത്. വെറ്റില തിരൂരിൽ നിന്നും പുകയില പാലക്കാട് നിന്നുമാണ് വടകരയിൽ എത്തുന്നത്.
ഇവ എന്തിനാണ് ഉപയോഗിക്കുന്നത് എന്നു ചോദിച്ചാൽ പ്രധാനമായും ചവച്ചു തുപ്പാനാണെന്ന് പറയും. എന്നിട്ടും കോവിഡ് കാലത്തെ ഗൗരവം മറന്നുപോവുന്നതിലാണ് അതിശയം.