ഏറ്റുമാനൂർ: രാത്രിയിൽ വെട്ടിമുകൾ ജംഗ്ഷനിലെ ഹോട്ടലും വീടും അടിച്ചു തകർത്ത സംഭവത്തിൽ ഏഴംഗ ഗുണ്ടാ സംഘത്തിനു വേണ്ടി പോലീസ് അന്വേഷണം ഉൗർജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഏറ്റുമാനൂർ കല്ലുവെട്ടാംകുഴിയിൽ ജസ്റ്റിൻ സണ്ണി (26), പള്ളിവാതുക്കൾ നിജു (23), പടിക്കകുടിയിൽ സൂരജ് (21 ) എന്നിവരെയാണ് വീടുകളിൽ നിന്നും പോലീസ് പിടികൂടിയത്. ബുധനാഴ്ച രാത്രിയിലാണ് വെട്ടിമുകൾ കവലയിലുള്ള കോഴി മുളേളാരം ഷൈൻ ജോസഫിന്റെ ഹോട്ടലും അതിനോടു ചേർന്നുള്ള വീടും മാണ് പത്തംഗ ഗുണ്ടാ സംഘം അടിച്ചു തകർത്തത്.
പിടിയിലാകാനുള്ള ഏഴു പേരിൽ പ്രായപൂർത്തിയാകാത്തവരുമുണ്ടെന്നാണ് പോലീസ് പറയുന്നത്. അക്രമത്തിൽ പങ്കെടുത്ത എല്ലാവരെയും പോലീസ് ആദ്യം തന്നെ തിരിച്ചറിഞ്ഞിരുന്നു. തുടർന്നാണ് മൂന്നു പേരെ പിടികൂടിയത്.
ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ബാക്കിയുള്ളവരുടെ വീടുകളും ഇവർ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളും പോലീസ് നിരീക്ഷിച്ചുവരികയാണ്. കഴിഞ്ഞയാഴ്ച അക്രമി സംഘത്തിൽപ്പെട്ട ചിലരുമായി ഹോട്ടലിൽ വച്ച് വാക്കേറ്റവും ഉന്തും തള്ളുമുണ്ടായിരുന്നു.
ഇതിന്റെ വൈരാഗ്യം തീർക്കാനാണ് ഗുണ്ടാ സംഘം സംഘടിച്ചെത്തി ആക്രമണം നടത്തിയത്. സംഭവം കണ്ടു നാട്ടുകാർ ഓടിക്കൂടിയെങ്കിലും വടിവാൾ ഉൾപ്പെടെയുള്ള മാരക ആയുധങ്ങൾ വീശി നാട്ടുകാരെ വിരട്ടിയോടിക്കുകയായിരുന്നു.