കൊല്ലം: കുണ്ടറയിൽ രാത്രി ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ദന്പതികളെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതം. പെരുന്പുഴ ജംഗ്ഷനിൽ ഫ്രൂട്സ് കട നടത്തുന്ന പെരുന്പുഴ കൊരണ്ടിപ്പള്ളിൽ ബംഗ്ലാവിൽ വിനോദും ഭാര്യ അഞ്ജുവുമാണ് ആക്രമണത്തിന് ഇരയായത്.
രാത്രി പത്തരയോടെ കടയടച്ച് ഇരുവരും വീട്ടിലേക്ക് പോകുന്പോഴായിരുന്നു ആക്രമണം. റോഡുവക്കിൽ ബൈക്കിലെത്തി കാത്ത് നിന്ന സംഘമാണ് ആക്രമിച്ചത്. ഒരു ബൈക്കിൽ രണ്ടാളുകൾ തന്നെ പിന്തുടരുന്നതായി വിനോദിന് തോന്നിയിരുന്നെങ്കിലും പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന അഞ്ജുവിനോട് വിവരം പറഞ്ഞിരുന്നില്ല.
ആളൊഴിഞ്ഞ് വെളിച്ചം കുറഞ്ഞ ഭാഗമെത്തിയപ്പോൾ അക്രമികൾ ബൈക്കിന് മുന്നിൽ ചാടിവീണ് ആക്രമിക്കുകയായിരുന്നു. ഹെൽമറ്റ് വച്ചിരുന്നതിനാൽ ഇരുളിൽ അക്രമികളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. പരിക്കേറ്റ ദന്പതികളെ നാട്ടുകാരാണ് കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
കുണ്ടറ പോലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിനോദ് ഒരു വർഷം മുന്പ് ഒരു സ്ത്രീയെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. അക്രമികൾ സഞ്ചരിച്ച വഴികളിലെ സുരക്ഷാകാമറകളിലെ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.