മട്ടന്നൂർ: വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന കോൺഗ്രസ് പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ചു. ശരീരത്തിലും കാലിനും പരിക്കേറ്റ കോൺഗ്രസ് നടുവനാട് ബൂത്ത് പ്രസിഡന്റ് ചാളക്കണ്ടിയിലെ കെ.പി.ഉണ്ണികൃഷ്ണനെ (30) തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.30 ഓടെ ചാളക്കണ്ടി വീടിന് സമീപത്ത് വച്ചായിരുന്നു ആക്രമണം.
ബൈക്കിലെത്തിയ മൂന്നംഗ സംഘത്തിലെ രാജേഷ് എന്നയാളാണ് വാളുമായി ഓടിയെത്തി വെട്ടിപ്പരിക്കേൽപ്പിച്ചതെന്ന് പരിക്കേറ്റ ഉണ്ണികൃഷ്ണൻ പോലീസിന് മൊഴി നൽകി. മദ്രാസിൽ ബേക്കറിയിൽ ജോലി ചെയ്യുന്ന ഉണ്ണിക്കൃഷ്ണൻ ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. സംഭവം അറിഞ്ഞ് മട്ടന്നൂർ എസ് ഐ എ.വി.ദിനേശിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്ത് എത്തിയിരുന്നു.
ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്നു വൈകുന്നേരം നടുവനാട് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രകടനം നടത്തും. 21-ാം മൈൽ കേന്ദ്രീകരിച്ചു നിരന്തരമായി സംഘർഷം സൃഷ്ടിക്കുന്ന ക്വട്ടേഷൻ സംഘത്തിനെതിരേ പോലീസ് നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് നടുവനാട് ബൂത്ത് കമ്മിറ്റി ഭാരവാഹികളായ കെ.വി.പവിത്രൻ, പി.വി.മോഹനൻ, കെ.സുമേഷ് കുമാർ, കെ.പ്രകാശൻ, പി.വി.രമേശൻ എന്നിവർ ആവശ്യപ്പെട്ടു.