വെഞ്ഞാറമൂട്: വക്കുതർക്കത്തെ തുടർന്ന് മദ്യപസംഘം ഹോട്ടലിൽ കയറി ഉടമയെ വെട്ടിപ്പരിക്കേൽപിച്ചു. ജീവനക്കാരനെ മർദിച്ചു. കോലിയക്കോട് ബിവറേജ് ജംഗ്ഷനിലെ തിരുവോണം ഹോട്ടൽ ഉടമ വാവറ അമ്പലം, ശ്രീനാരായണപുരം, ആതിരാലയത്തിൽ മോഹനൻ നായർ (55) നാണ് കൈയ്ക്ക് വെട്ടേറ്റത്. കടയിലെ ജീവനക്കാരനായ ഹരികുമാർ (35) നാണ് മർദനമേറ്റത്.
ഇന്നലെ വൈകുന്നേരം 6.45 ന് കോലിയക്കോട് തിരുവോണം ഹോട്ടലിലായിരുന്നു സംഭവം. ബൈക്കിലെത്തിയ മൂവർ സംഘം ഹോട്ടലിൽ ഭക്ഷണം ആവശ്യപ്പെടുകയും ലഭിക്കാൻ താമസിച്ചതിനെ തുടർന്ന് ഉടമയുമായി വാക്കുതർക്കം ഉണ്ടാകുകയും ചെയ്തു. ഇതിന്റെ വൈരാഗ്യത്തിൽ ഇവരിൽ ഒരാൾ കൈയിൽ സൂക്ഷിച്ചിരുന്ന വെട്ടുകത്തി ഉപയോഗിച്ച് മോഹനൻ നായരെ വെട്ടുകയും കൂടെയുണ്ടായിരുന്നവർ ഹരികുമാറിനെ മർദിക്കുകയുമായിരുന്നെന്ന് പോലീസ് പറയുന്നു.
സംഭവ ശേഷം മൂന്നു പേരും ബൈക്കിൽ കയറി പാറയ്ക്കൽ ഭാഗത്തേയ്ക്ക് പോയി. ബൈക്കിന്റെ നമ്പർ ദൃക്സാക്ഷികളിൽ നിന്നും പോലീസിന് ലഭിച്ചു. കൈയ്ക്ക് പരിക്കേറ്റ മോഹനൻനായരെയും, ഹരികുമാറിനെയും കന്യാകുളങ്ങര ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.