നെല്ലിയാന്പതി: മലനിരകളിൽ പറക്കുന്നതിനിടെ വീണ മലമുഴക്കി വേഴാന്പൽകുഞ്ഞിനെ നീണ്ട ചികിത്സയ്ക്കു ശേഷം നെല്ലിയാന്പതി വനത്തിലെ തൂത്തന്പാറ വനമേഖലയിൽ തുറന്നുവിട്ടു.
പൂർണാരോഗ്യത്തോടെ വേഴാന്പൽ കുഞ്ഞിന് ഇനി കൂട്ടരോടൊപ്പം നെല്ലിയാന്പതി വനമേഖലയിൽ പറന്നു ഉല്ലസിക്കാം.
പറക്കലിനിടെ മുറിവേറ്റതാക്കാം എന്നു കരുതുന്ന മലമുഴക്കി വേഴാന്പൽ കുഞ്ഞിനെ രക്ഷപ്പെടുത്തി വനത്തിലേക്കു തുറന്നുവിടുന്ന സംഭവം സംസ്ഥാനത്തു തന്നെ അപൂർവമായിരിക്കുമെന്നു ചികിത്സയ്ക്ക് നേതൃത്വം നൽകിയ തൃശൂർ ഫോറസ്റ്റ് ഡിവിഷനിലെ അസി.ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. ഡേവിഡ് അബ്രഹാം പറഞ്ഞു.
കഴിഞ്ഞ ദിവസം വനപാലകസംഘത്തിലെ അംഗങ്ങളോടൊപ്പം ഡോക്ടറുമായെത്തിയ സംഘമാണ് വേഴാന്പൽ കുഞ്ഞിനെ വനത്തിലേക്ക് തുറന്നുവിടുന്നത്.
നെല്ലിയാന്പതി റേഞ്ച് ഓഫീസർ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജൂലായ് 16ന് നെല്ലിയാന്പതി ഫോറസ്റ്റ് റോഡിൽ പരിക്കേറ്റ നിലയിൽ നാലു മാസത്തോളം പ്രായമുള്ള പെണ്വേഴാന്പൽ കുഞ്ഞിനെ കണ്ടെത്തിയത്.
സംരക്ഷണം ഏറെ ആവശ്യമുള്ള ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുന്ന വേഴാന്പൽ കുഞ്ഞിനെ വനപാലകർ തൃശൂർ വടക്കാഞ്ചേരി അകമലയ്ക്ക് അടുത്തുള്ള വനചികിത്സാ കേന്ദ്രത്തിലെത്തിച്ചായിരുന്നു ചികിത്സയും പരിപാലനവും.
നെഞ്ചിനും ചിറകിനും നേരിയ പരിക്കുണ്ടായിരുന്ന വേഴാന്പൽ കുഞ്ഞിന് ഡോ.ഡേവിഡ് അബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആവശ്യമായ ചികിത്സകൾ നൽകിയത്.
ആരോഗ്യം വീണ്ടെടുത്ത പക്ഷിക്കുഞ്ഞിനു പറക്കാനാവുമെന്ന് കണ്ടെത്തിയതോടെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ വനത്തിലേക്കു തുറന്നുവിടാൻ (സോഫ്റ്റ് റിലീസ്) അനുമതി നൽകിയത്.
വലിയ കൂട്ടിൽ ഒരാഴ്ചത്തെ നിരീക്ഷണത്തിനു ശേഷം നെല്ലിയാന്പതിയിലെ കാലാവസ്ഥയുമായി ഇണങ്ങിത്തുടങ്ങിയെന്നു ഉറപ്പാക്കിയാണ് വേഴാന്പൽ കുഞ്ഞിനെ തൂത്തന്പാറ വനമേഖലയിൽ എത്തിച്ച് തുറന്നുവിട്ടത്.