വൈവിധ്യമാർന്ന ഗോത്ര സംസ്കാരമുള്ള നാഗാലാൻഡ് ഉത്സവങ്ങളുടെ നാടായിട്ടാണ് അറിയപ്പെടുന്നത്. പതിനാറോളം പ്രധാന ഗോത്രങ്ങളും കുറെ ഉപഗോത്രങ്ങളും നാഗാലാൻഡിലുണ്ട്. തികച്ചും വ്യത്യസ്തമായ പാരന്പര്യവും ആചാരങ്ങളും വച്ചുപുലർത്തുന്നവർ.
എല്ലാ വർഷവും ഡിസംബർ ഒന്നു മുതൽ പത്തു വരെ അവിടെ നടന്നുവരുന്ന ഒരു ഉത്സവമാണ് ഹോൺബിൽ (വേഴാമ്പൽ) ഫെസ്റ്റിവൽ.
ഉത്സവങ്ങളുടെ ഉത്സവം എന്നറിയപ്പെടുന്ന വേഴാന്പൽ ഉത്സവം, നാഗാലാൻഡ് സർക്കാർ മുൻകൈ എടുത്താണ് സംഘടിപ്പിക്കുന്നത്.
ടൂറിസം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നാഗാലാൻഡിലെ സംസ്കാരത്തെയും പൈതൃകത്തെയും മുഖ്യ ആകർഷണമാക്കി, നാഗാലാൻഡ് ദിനമായ ഡിസംബർ ഒന്നിനോടനുബന്ധിച്ചു സംഘടിപ്പിക്കുന്നതാണ് വേഴാന്പൽ ഉത്സവം.
വേഴാന്പലിന്റെ ശക്തി!
ഇവരുടെ വിശ്വാസം അനുസരിച്ചു വേഴാമ്പലിന്റെ മുഴക്കം ധീരതയെയും സൗന്ദര്യത്തെയും സൂചിപ്പിക്കുന്നു. അതിന്റെ ശക്തി കടുവയ്ക്കു തുല്യമാണെന്ന് ഇവർ കരുതുന്നു. വേഴാന്പൽ ഒരു നാഗാ യോദ്ധാവിന്റെ പ്രതീകമാണ്. സമൃദ്ധിയുടെ ചിഹ്നമായും അതിനെ കണക്കാക്കുന്നു.
നാഗാലാൻഡിലെ അറുപതു ശതമാനത്തിലധികം ആളുകൾ കൃഷിയെ ആശ്രയിക്കുന്നതിനാൽ അവരുടെ മിക്ക ഉത്സവങ്ങളും കൃഷിയെ ചുറ്റിപ്പറ്റിയാണ്.
എല്ലാ ഗോത്രങ്ങൾക്കും അവരവരുടേതായ ഉത്സവങ്ങളുണ്ട്. വളരെ ആവേശത്തോടും പങ്കാളിത്തത്തോടുകൂടിയാണ് ഇവിടുത്തെ ഉത്സവങ്ങൾ നടത്തപ്പെടുന്നത്.
ഗോത്രങ്ങൾ തമ്മിലുള്ള സമ്പർക്കം പ്രോത്സാഹിപ്പിക്കാനും നാഗാലാൻഡിന്റെ സമ്പന്നമായ സംസ്കാര പൈതൃകങ്ങൾ പുനരുജ്ജീവിപ്പിക്കാനും കാത്തുസൂക്ഷിക്കാനും പ്രദർശിപ്പിക്കുന്നതിനുമുള്ള വേദി കൂടിയാണ് വേഴാന്പൽ ഉത്സവം.
16 ഗോത്രങ്ങൾ
കൊഹിമയിൽ നിന്ന് പന്ത്രണ്ട് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കിസാമാ ഗ്രാമത്തിലെ നാഗാ ഹെറിറ്റേജ് വില്ലേജിലാണ് വേഴാന്പൽ ഉത്സവം നടക്കുന്നത്.
നാഗകളുടെ സംസ്കാരം, ഭാഷകൾ, ആചാരങ്ങൾ എന്നിവയെ കാത്തുസൂക്ഷിക്കുക എന്നതാണ് ഹെറിറ്റേജ് വില്ലേജിന്റെ പ്രധാന ഉദ്ദേശം. നാഗാ ഹെറിറ്റേജ് വില്ലേജിൽ, നാഗാലാൻഡിലെ പതിനാറ് ഗോത്രങ്ങളുടെ പ്രതീകമായി പതിനാറു കുടിലുകളുണ്ട്.
ഓരോ ഗോത്രത്തിനും അവരവരുടേതായ ആചാരങ്ങളും, ചരിത്രവുമുണ്ട്. കഥകളിലൂടെയും പാട്ടുകളിലൂടെയും അവ കൈമാറപ്പെടുന്നു.
ഹെറിറ്റേജ് വില്ലേജിൽ രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട മ്യൂസിയം, മുള കൊണ്ടുള്ള പലതരം സൃഷ്ടികൾ, സ്റ്റേജുകൾ, തോട്ടങ്ങൾ തുടങ്ങിയവയും സ്ഥിതി ചെയ്യുന്നു.
ഉത്സവത്തിൽ ഭക്ഷ്യമേള, കളികൾ, പരമ്പരാഗത കല, സംഗീതം, നൃത്തം, ശില്പങ്ങൾ, തടിയിലും മുളയിലും ഉള്ള കൊത്തുപണികൾ തുടങ്ങിയവ പ്രദർശിപ്പിക്കപ്പെടുന്നു. പുഷ്പപ്രദർശനങ്ങൾ, നാടൻ മരുന്ന്, കരകൗശലവസ്തുക്കൾ എന്നിവയുടെ വില്പനയും ഇവിടെ നടക്കുന്നു.
നാടൻ കളികളും അമ്പെയ്ത്ത്, ഗുസ്തി എന്നിവയും ഫാഷൻ ഷോകളും ഉത്സവത്തിന്റെ ഭാഗമാണ്. അന്താരാഷ്ട്ര റോക്ക് സംഗീതോത്സവം വേഴാന്പൽ ഉത്സവത്തിന്റെ ഒരു പ്രധാനഘടകമാണ്.