കോവിഡ് വന്നതോടെ ആളുകളുടെ എത്രയെത്ര പ്രതീക്ഷകളാണ് തകർന്നത്. ആഘോഷങ്ങളും ഒത്തുചേരലുകളുമെല്ലാം അവസാനിച്ചു. പലരും വിവാഹം മാറ്റിവച്ചു.
ലോക്ഡൗൺ നീണ്ടതോടെ വിവാഹങ്ങളും ഉത്സവങ്ങളുമെല്ലാം ചടങ്ങുകളിലേക്ക് മാത്രമായി ഒതുങ്ങി. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു വിവാഹമാണ് ഇംഗ്ലണ്ടിലെ ചെസ്ഫോര്ഡിൽ നടന്നത്.
ഇന്ത്യൻ വംശജരായ റോമ പൊപാട്ടും വിനയ് പട്ടേലുമാണ് തങ്ങളുടെ വിവാഹം വ്യത്യസ്തമാക്കിയത്. സുഹൃത്തുക്കളേയും ബന്ധുക്കളേയുമെല്ലാം വിവാഹത്തിന് പങ്കെടുപ്പിക്കണമെന്നത് ഇരുവരുടേയും ഏറെ നാളായുള്ള ആഗ്രഹമായിരുന്നു.
ഏപ്രിൽ 30നാണ് ആദ്യം ഇവരുടെ വിവാഹം തീരുമാനിച്ചിരുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ വിവാഹം മാറ്റിവച്ചു.
പിന്നീട് പ്രിയപ്പെട്ടവരെയെല്ലാം ചേര്‍ത്തുകൊണ്ട് തന്നെ എങ്ങനെ വിവാഹം നടത്താമെന്ന് ആലോചിച്ചു. 15 പേർക്ക് മാത്രമേ ഇവിടെ വിവാഹത്തിൽ പങ്കെടുക്കാൻ സർക്കാർ അനുമതി നൽകൂ.
തുടര്‍ന്ന് ‘സഹേലി ഇവന്റ്സ്’ എന്ന ഈവന്റ് മാനേജ്മെന്റ് ഗ്രൂപ്പിന്റെ സഹായത്തോടെ ഇരുവരും പുതിയ ആശയത്തിലേക്കെത്തി. നിയമം അനുവദിക്കുന്ന അത്രയും പേരുടെ സാന്നിധ്യത്തില്‍ വിവാഹത്തിന്റെ ചടങ്ങുകള്‍ നടത്തുക.
ഹാളിന് പുറത്തായി വാഹനങ്ങളില്‍ തന്നെ മറ്റ് അതിഥികള്‍ക്ക് ഇരിക്കാം. അവിടെ സ്ഥാപിച്ചിരിക്കുന്ന സ്ക്രീനിലൂടെ ഇവര്‍ക്ക് വിവാഹച്ചടങ്ങുകളും കാണാം.
പിന്നീട് തുറന്ന വാഹനത്തില്‍ വധുവും വരനും വാഹനങ്ങളിലിരിക്കുന്ന അതിഥികളെയെല്ലാം കാണും. വാഹനങ്ങളില്‍ ഇരുന്നുകൊണ്ട് അതിഥികള്‍ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കാം.
ഇതിനായി സുരക്ഷിതമായ പ്രത്യേക സംവിധാനങ്ങളും ഏര്‍പ്പെടുത്തി. 500 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ബ്രക്സ്റ്റ്ഡ് പാർക്കിലായിരുന്നു വിവാഹം.
100 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്. സംഗതി വിജയകരമായിരുന്നുവെന്നാണ് ‘സഹേലി ഇവന്റ്സ്’ അവകാശപ്പെടുന്നത്.