ഡൊമനിക് ജോസഫ്
മാന്നാർ: പാർട്ടി ഘടകങ്ങൾ സ്ഥാനാർത്ഥി സംബന്ധിച്ചുള്ള ചർച്ചകൾ ആരംഭിക്കുന്നതിന് മുന്പായി നവ മാധ്യമങ്ങൾ പഞ്ചായത്തു തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികെള പ്രഖ്യാപിച്ചു കഴിഞ്ഞു!
സ്ഥാനാർത്ഥിയുടെ ഫോട്ടോയും സമൂഹത്തിന് ചെയ്ത പ്രവർത്തികളും എണ്ണിപ്പറഞ്ഞാണ് പ്രഖ്യാപനങ്ങൾ നടത്തി വരുന്നത്.ചിലർ വാർഡിലെ വോട്ടർമാരുടെ കണക്കുകൾ നിരത്തി ലഭിക്കുന്ന വോട്ടുകളുടെ ഭൂരിപക്ഷം വരെ ഉൾക്കൊള്ളിച്ച് പോസ്റ്റുകൾ ഇട്ടവരുണ്ട്.
സ്ഥാനാർത്ഥി മോഹികളായവർ അടുപ്പക്കാരെ കൊണ്ടും ചിലർ സ്വന്തമായും സ്ഥാനർത്ഥി പ്രഖ്യാപനം നടത്തികഴിഞ്ഞു. മുൻ കാലങ്ങളിൽ ജനപ്രതിനിധിയായിട്ട് പിന്നീട് മണ്ഡലങ്ങൾ സംവരണമായതിനെ തുടർന്ന് മാറി നിന്നവർ ഉൾപ്പടെ ഇപ്പോൾ രംഗത്തിറങ്ങി കഴിഞ്ഞു.
നിലവിലെ മണ്ഡലങ്ങൾ സംവരണമായവർ അടുത്ത വാർഡിലെ സാധ്യത നോക്കിയും രംഗത്തുണ്ട്. നവമാധ്യമ പ്രഖ്യാപനം കൂടാതെ എല്ലാ വാർഡുകളിലും ഒന്നിലധികം സ്ഥാനാർത്ഥികൾ നാട്ടു ചർച്ചകളിൽ ഉയർന്നു വന്നു കഴിഞ്ഞു.
സേവനങ്ങൾ പോസ്റ്റാകുന്പോൾ
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചില്ലെങ്കിലും ഡിസംബറിൽ ഉണ്ടാകുമെന്ന കണക്ക് കൂട്ടലിലാണ് എല്ലാവരും രംഗത്തിറങ്ങിയിരിക്കുന്നത്.സ്ഥാനാർത്ഥി മോഹികളായവർ ഇപ്പോൾ സജീവമായി ഇടപെടാൻ കഴിയുന്നത് കോവിഡ് രംഗമായതിനാൽ ധാരാളം പേർ ഇപ്പോൾ ഇതിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്.
കോവിഡ് രോഗികളും നിരീക്ഷണത്തിൽ കഴിയുന്നവരും ഉള്ള വീടുകളിൽ ഭക്ഷണവും ഭക്ഷ്യസാധനങ്ങളും എത്തിക്കുന്ന ജോലിയിൽ ഇവർ കൂടുതൽ വ്യാപൃതരാണ്.
ഇതെല്ലാം കൃതമായി നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നുമുണ്ട്.എന്നാൽ യാതൊന്നും മോഹിക്കാതെ തുടക്കം മുതൽ ഇത്തരം ജോലികളിൽ ഏർപ്പെട്ടിരുന്ന വോളന്റിയേഴ്സിനെയും മറ്റും കടത്തിവെട്ടിയാണ് ഇക്കൂട്ടരുടെ ഇപ്പോഴത്തെ കടന്നുകയറ്റം.
മരണ വീടുകളിലും മറ്റും ആൾക്കൂട്ടം പാടില്ലെന്ന നിബന്ധനയുണ്ടെങ്കിലും മോഹിതർ ഇപ്പോൾ ഇത്തരം മരണ വീടുകളിലും പരിസരങ്ങളിലും സജീവമായി തുടക്കം മുതൽ അടക്കം വരെ കാണുന്നുണ്ട്.ഇതിനിടയിൽ മുന്നണിയിൽ സീറ്റ് ഉറപ്പിക്കുവാനുള്ള ശ്രമങ്ങളും നടന്നുവരുന്നു.
മൂന്ന് മുന്നണിയുടെ സ്ഥാനാർത്ഥികൾ കൂടാതെ സീറ്റ് നിഷേധിക്കപ്പെടുന്ന റിബലുകളും സ്വതന്ത്രരും രംഗത്ത് ഉണ്ടാകും.സ്ഥാനാർത്ഥിത്വം പാർട്ടി തന്നില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും പിന്തുണ വേണമെന്നും ആവശ്യപ്പെട്ട് പലരെയും കാണുന്നവരും കുറവല്ല.
കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ആൾക്കൂട്ടമായുള്ള വോട്ട് പിടിത്തം നടക്കാത്തതിനാൽ സ്ഥാനാർത്ഥി മോഹികൾ ഇപ്പോഴെ നവമാധ്യമങ്ങളിലൂടെ ശ്രദ്ധ പിടിച്ച് പറ്റുവാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.
എന്തായാലും ഇത്തവണത്തെ ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ ബാഹ്യമായ ആൾക്കൂട്ട ബഹളങ്ങൾ സാധ്യമല്ലാത്തിതിനാൽ നവമാധ്യമങ്ങൾ ഉപയോഗിക്കാത്തവർ പോലും അതിനെ ആശ്രയിച്ച് പ്രചാരണം തുടങ്ങി കഴിഞ്ഞു.ചിലർ ഇതിനായി ഈ രംഗത്തെ പ്രൊഫഷണലുകളെ തന്നെ നിയോഗിച്ചിട്ടുണ്ട്.