കാസർഗോഡ്: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന അഭിഭാഷകയെ അപമാനിച്ച 67കാരനെ കാസർഗോഡ് പോലീസ് അറസ്റ്റ് ചെയ്തു. എരിയാൽ ചൗക്കിയിലെ മുഹമ്മദ് സ്വാലിഹ് മുസ്ലിയാരെ (67)യാണ് കാസർഗോഡ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.
19ന് വൈകുന്നേരം അഞ്ചിന് കാസർഗോട്ടുനിന്നും മംഗളൂരു ഭാഗത്തേയ്ക്കു പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന അഭിഭാഷകയെ മുഹമ്മദ് സ്വാലിഹ് കൈയ്ക്കു പിടിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് പരാതി.
ഇയാളുടെ ഉപദ്രവത്തിനെതിരേ ബസിൽ വച്ച് അഭിഭാഷക പ്രതികരിക്കുകയും ഇയാളുടെ ഫോട്ടോ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.
ഫോട്ടോ സഹിതം പോലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം സംഭവം നടന്നയുടനെ ഫേസ്ബുക്ക് പോസ്റ്റുമായി അഭിഭാഷക രംഗത്തു വന്നിരുന്നു. ജാമ്യം ലഭിക്കാവുന്ന കുറ്റം മാത്രം ചുമത്തി ഇയാളെ കോടതിയിൽ ഹാജരാക്കുകയായിരുന്നുവെന്ന ആക്ഷേപം അഭിഭാഷകർക്കിടയിൽ ഉയർന്നിട്ടുണ്ട്.
കാസർഗോട്ടെ അഭിഭാഷകരാരും തന്നെ പ്രതിക്കു വേണ്ടി ഹാജരായിരുന്നില്ല. ഇതിനെത്തുടർന്ന് കാഞ്ഞങ്ങാട്ടു നിന്നും അഭിഭാഷകനെത്തുന്നതു വരെ പ്രതിയെ കോടതിയിൽ ഹാജരാക്കാതെ പോലീസ് ഒത്തുകളിച്ചെന്നും മറ്റുമുള്ള ആരോപണമാണ് അഭിഭാഷകർ ഉന്നയിക്കുന്നത്.