ലൈംഗിക ബലഹീനത ഉള്ള പുരുഷന്മാര്‍ക്ക് ഒരു അനുഗ്രഹമാണ് വയാഗ്ര. എന്നാല്‍ പുരുഷന്മാരുടെ ദീര്‍ഘായുസ്സിനും ഈ മരുന്ന് സഹായകമായേക്കാമെന്നാണ് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.
പതിവായി വയാഗ്ര ഉപയോഗിക്കുന്ന പുരുഷന്മാരില്‍ ഹൃദയസ്തംഭനത്തിന്റെയും ബൈപാസ് സര്‍ജറിയുടെയുമൊക്കെ സാധ്യത കുറയുമെന്നാണ് കണ്ടെത്തല്‍.
പുരുഷ ജനനേന്ദ്രിയത്തിലെ പിഡിഇ5 എന്‍സൈമിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിച്ചാണ് വയാഗ്ര ലിംഗോദ്ധാരണം സാധ്യമാക്കുന്നത്.
എന്നാല്‍ രക്ത സമ്മര്‍ദം കുറയ്ക്കുമെന്നതിനാല്‍ ഹൃദയധമനീ രോഗമുള്ള പുരുഷന്മാര്‍ക്ക് വയാഗ്ര മുന്‍പ് ശുപാര്‍ശ ചെയ്തിരുന്നില്ല.
2017ല്‍ സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ മുന്‍പ് ഹൃദയാഘാതം ഉണ്ടായ പുരുഷന്മാര്‍ക്ക് വയാഗ്രയുടെ പാര്‍ശ്വഫലങ്ങള്‍ പിന്നീട് താങ്ങാനാകുമെന്ന് കണ്ടെത്തിയിരുന്നു.
രക്തധമനീ രോഗമുള്ള 18,500 പുരുഷന്മാരില്‍ നടത്തിയ പുതിയ പഠനമാണ് ഒരു പടി കൂടി കടന്ന് വയാഗ്ര ഇവരിലെ ഹൃദയാഘാത സാധ്യത കുറച്ചേക്കാമെന്ന് കണ്ടെത്തിയത്.
ലിംഗോദ്ധാരണ ശേഷി നഷ്ടപ്പെട്ട ഇവരില്‍ 16500 പേര്‍ വയാഗ്രയും 2000 പേര്‍ ആല്‍പ്രോസ്റ്റഡീലുമാണ് ഉപയോഗിക്കുന്നത്. വയാഗ്ര പോലെ കഴിക്കുന്ന മരുന്നല്ല, മറിച്ച് കുത്തിവയ്പ്പാണ് ആല്‍പ്രോസ്റ്റഡീല്‍.
ആല്‍പ്രോസ്റ്റഡീലിനെ അപേക്ഷിച്ച് വളരെ ഗുണഫലങ്ങള്‍ വയാഗ്രയ്ക്ക് ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ആല്‍പ്രോസ്റ്റഡീലിനെ അപേക്ഷിച്ച് വയാഗ്ര ഉപയോഗിക്കുന്ന ഹൃദ്രോഗികളായ പുരുഷന്മാര്‍ക്ക് ഹൃദയസ്തംഭനം ഉല്‍പ്പെടെയുള്ള സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് താരതമ്യപഠനത്തില്‍ കണ്ടെത്തി.
ജേണല്‍ ഓഫ് അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഈ കണ്ടെത്തലുകള്‍ സ്ഥിരീകരിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.