കണ്ണൂർ: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ.
പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് വിമർശനം. സുകുമാരൻനായരുടെ അതിരുവിട്ട പ്രതികരണങ്ങൾ ഇടതുവിരുദ്ധ രാഷ്ട്രീയമായിരുന്നു.
അതൊന്നും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സമുദായം അംഗീകരിക്കില്ലെന്ന് അന്നേ ഞങ്ങൾ വ്യക്തമാക്കിയിട്ടുള്ളതായും ലേഖനത്തിൽ പറയുന്നു.
മതവിശ്വാസം തെരഞ്ഞെടുപ്പ് വിഷയമാക്കാൻ യുഡിഎഫും ബിജെപിയും മത്സരിക്കുന്നതാണു കണ്ടത്.
വർഗീയ ധ്രുവീകരണവും സാന്പത്തിക പരിഷ്കാരവും സ്വന്തം സമുദായത്തെ എങ്ങനെ ബാധിക്കുമെന്ന് എൻഎസ്എസിനെപ്പോലുള്ള സമുദായ സംഘടനകൾ നോക്കുന്നില്ല.
ആർഎസ്എസിന്റെ തീവ്ര ഹിന്ദുത്വ പദ്ധതിയുമായും സാന്പത്തിക ഉദാരവത്കരണവുമായും സഹകരിക്കുന്ന പ്രതിലോമ രാഷ്്ട്രീയത്തിന്റെ വാലാകാൻ സമുദായസംഘടനകൾ ശ്രമിക്കുന്നു.
അവർ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിലെ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും താല്പര്യത്തിന് എതിരായിരിക്കുമെന്ന് സുകുമാരൻ നായരെപ്പോലുള്ള നേതാക്കൾ മനസിലാക്കണം.
എൻഎസ്എസ് സ്വീകരിച്ചിരുന്ന സമദൂരം എന്ന നയം വിട്ട് ഇടതുപക്ഷ വിരുദ്ധ പ്രതിലോമ രാഷ്ട്രീയത്തിന്റെ കൂടെച്ചേരാൻ എൻഎസ്എസിന് കഴിയില്ലെന്നാണു കരുതുന്നത്.
കാരണം സ്വന്തം സമുദായത്തിലെ പാവപ്പെട്ടവരും സാധാരണക്കാരും അത് അംഗീകരിക്കില്ല. അതുകൊണ്ടാണ് തെരഞ്ഞെടുപ്പിൽ സുകുമാരൻ നായർ എടുത്ത നിലപാടിനൊപ്പം നായർ സമുദായം ഉണ്ടാകില്ലെന്ന് വോട്ടെണ്ണുന്പോൾ വ്യക്തമാകുമെന്നു പറഞ്ഞത്.
സമുദായ സംഘടനകളോട് ശത്രുതാപരമായ നിലപാട് ഒരുകാലത്തും സിപിഎം സ്വീകരിച്ചിട്ടില്ലെന്നും അവരോട് ഏറ്റുമുട്ടുക എന്നത് സിപിഎമ്മിന്റെ നയമല്ലെന്നും ലേഖനത്തിൽ വിജയരാഘവൻ പറയുന്നു.
സർക്കാരിന് മുന്നിൽ എൻഎസ്എസ് ഉന്നയിച്ച പല ആവശ്യങ്ങളും പരാതികളും അനുഭാവപൂർവം പരിഗണിക്കുകയാണുണ്ടായത്.
എന്നാൽ, ഒരു ജാതിമത സംഘടനകളുടെ അനാവശ്യ സമ്മർദത്തിന് വഴങ്ങാൻ എൽഡിഎഫ് സർക്കാർ തയാറായില്ലെന്നും തുടർന്നും അതുതന്നെയായിരിക്കും നിലപാടെന്നും വിജയരാഘവൻ ലേഖനത്തിൽ പറയുന്നു.