നിപ്പ വന്നപ്പോഴും വിപിൻദാസ് ഉണ്ടായിരുന്നു കളമശേരി മെഡിക്കൽ കോളേജിൽ ഐസലേഷൻ വാർഡിൽ ഡ്യൂട്ടിയിൽ. ഇപ്പോൾ കോവിഡ് 19 രോഗത്തിന് ചികിത്സയൊരുക്കുന്ന ഡ്യൂട്ടിയിലാണ് മുട്ടപ്പള്ളി കാവുമ്പാടം കെ.പി. മോഹൻദാസിന്റെയും ഗീതയുടെയും മകനായ വിപിൻദാസ്.
ഗ്ലൗസും മാസ്കും മാത്രമല്ല പ്രത്യേകമായി തയ്യാറാക്കിയ കിറ്റും ഗ്ലാസും ധരിച്ച് വേണം തുടർച്ചയായി നാല് മണിക്കൂർ ഡ്യൂട്ടി ചെയ്യാൻ. കിറ്റ് ധരിച്ചാൽ പിന്നെ കൊടുംചൂടാണ് ശരീരത്തിൽ. ദേഹത്ത് ഒരിടത്തും സ്പർശിക്കാൻ പാടില്ല.
രോഗബാധിതരുടെയും രോഗം സ്ഥിരീകരിച്ചവരുടെയും സ്രവം പരിശോധനക്ക് അയക്കുന്ന ഡ്യൂട്ടിയാണ് 11 വർഷമായി ആരോഗ്യവകുപ്പിൽ മൈക്രോബയോളജിസ്റ്റ് ആയ വിപിന്റേത്. അപകടകരമായതും അത്യന്തം ശ്രദ്ധാപൂർണവുമായ ഈ ഡ്യൂട്ടി അതീവ ജാഗ്രതയോടെ ചെയ്യാൻ വേണ്ടി അനുഭവിക്കുന്ന പ്രയാസങ്ങളല്ല വിപിന്റെ സങ്കടം. ഡ്യൂട്ടി കഴിഞ്ഞ് പുറത്തെത്തുമ്പോൾ കാണുന്ന കാഴ്ചകളാണ് സങ്കടം നിറയ്ക്കുന്നത്.
കോവിഡ് വൈറസ് രോഗത്തിന്റെ വ്യാപനം തടയാൻ ഏർപ്പെടുത്തിയ വിലക്കുകളെ നിസാരമായി കാണുന്നവരെയും അനാവശ്യ യാത്ര നടത്തുന്നവരെയുമൊക്കെ കാണുമ്പോൾ സഹിക്കാനാകുന്നില്ലെന്ന് വിപിൻ പറയുന്നു.
ആരോഗ്യ പ്രവർത്തകർ സ്വന്തം ജീവൻ വരെ മറന്ന് പ്രതിരോധം തീർക്കുമ്പോൾ ലോക്ക് ഡൗൺ ലംഘിക്കാൻ പഴുത് നോക്കുകയാണ് പൊതുജനങ്ങളിൽ ഒരു പറ്റമാളുകൾ. രാജ്യം മാത്രമല്ല ലോകമെങ്ങും ദുരന്തമുഖത്തായിട്ടും ചിലർക്ക് ഇപ്പോഴും എല്ലാം നിസാരമെന്ന മട്ടിലാണെന്ന് സങ്കടത്തോടെ വിപിൻ പറയുന്നു.
സ്വന്തം കുടുംബത്തെ പോലും കാണാനാകാതെ സർവതും മറന്ന് ഡ്യൂട്ടിയിലാണ് ആരോഗ്യ പ്രവർത്തകരും പോലീസുമൊക്കെ. കുറച്ചുദിവസം വീട്ടിൽ കഴിയാൻ പൊതുജനത്തോട് പറഞ്ഞിട്ട് അതനുസരിക്കാൻ പലരും കൂട്ടാക്കുന്നില്ല. റോഡിൽ പിടിക്കപ്പെടുമ്പോൾ കള്ളം പറഞ്ഞ് രക്ഷപെടുന്നവർ സത്യത്തിൽ സമൂഹത്തോട് ചെയ്യുന്നത് പൊറുക്കാനാവാത്ത ദ്രോഹമാണെന്നും വിപിൻ പറയുന്നു.
പ്രയാസങ്ങൾ സ്വന്തം കടമകളായി കണ്ട് ഒരേ മനസോടെ 21 ദിവസം സർക്കാരിനെ ജനങ്ങളെല്ലാം അനുസരിച്ചാൽ രോഗത്തിന്റെ വ്യാപനത്തെ തുരത്താൻ കഴിയും. പക്ഷെ, അത് പലരും മനസിലാക്കുന്നില്ലല്ലോ എന്നോർക്കുമ്പോൾ ഡ്യൂട്ടിക്കിടെ താൻ മാത്രമല്ല ആരോഗ്യപ്രവർത്തകരുടെയെല്ലാം കണ്ണ് നിറയുമെന്ന് വേദനയോടെ വിപിൻ പറഞ്ഞു.
ഐസലേഷനിൽ പുറമേ നിന്നു കാണുന്നതു പോലെയല്ല ജീവനക്കാരുടെ ഡ്യൂട്ടി. കിറ്റിനകത്തെ കൊടും ചൂടിൽ വെന്തുരുകിയാണ് ഓരോ ആരോഗ്യപ്രവർത്തകന്റെയും നിൽപ്പ്. മുഖത്തു നിന്നുള്ള ആവി മൂലം ഗ്ലാസിലെ കാഴ്ച മങ്ങും.
പക്ഷേ ഗ്ലാസിലോ മാസ്കിലോ തൊടാൻ പാടില്ല. ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുമ്പോഴേക്കും ശരീരം ചുട്ടുപൊള്ളുന്ന രീതിയിൽ ആയിക്കഴിഞ്ഞിട്ടുണ്ടാകും. വാർഡിലൂടെ സഞ്ചരിക്കുമ്പോൾ വാതിലിലോ ചുമരിലോ എവിടെയെങ്കിലും കൈ അറിയാതൊന്നു സ്പർശിച്ചാൽ കൈ വീണ്ടും ഉരച്ചു കഴുകണം.
ഒരു രോഗിക്കു വേണ്ടി ഉപയോഗിച്ച ഗ്ലൗസ് മാറ്റി പുതിയതു ധരിച്ചു മാത്രമേ അടുത്തയാളുടെ അടുത്തക്കു പോകൂ. ഡ്യൂട്ടി അവസാനിച്ചാൽ ഐസലേഷൻ വാർഡിൽ തന്നെ ഒരുക്കിയ പ്രത്യേക ബക്കറ്റിൽ കിറ്റ് ഊരിക്കളയും. അതിനായി പ്രത്യേകം പരിശീലനം നേടുകയും വേണം. വാർഡിൽ തന്നെ ഒരുക്കിയ പ്രത്യേക കുളിമുറിയിൽ കുളിച്ചതിനു ശേഷമേ പുറത്തിറങ്ങൂ.
നിപ്പ രോഗത്തിന്റെ പോസിറ്റിവായ ആദ്യ സ്രവ പരിശോധന നടന്നത് കളമശ്ശേരി മെഡിക്കൽ കോളജിലായിരുന്നു. അന്ന് പൂനയിൽ നിന്നുള്ള വിദഗ്ധർക്കൊപ്പം വിപിനും ഡ്യൂട്ടിയിലുണ്ടായിരുന്നു.
തുടർന്ന് ഒട്ടേറെ തവണ സ്രവ പരിശോധനകളിൽ പങ്കെടുത്ത പരിചയമാണ് ഇപ്പോൾ കോവിഡ് 19 രോഗത്തിന്റെ പരിശോധനകൾക്ക് വിപിൻ ഉൾപ്പടെയുള്ള ജീവനക്കാർക്ക് ആത്മവിശ്വാസം പകരുന്നത്. എന്നാൽ ഇതിനെയെല്ലാം പുറകോട്ടടിക്കുകയാണ് പ്രതിരോധത്തെ നിസാരവൽക്കരിക്കുന്ന കാഴ്ചകളെന്ന് വിപിൻ പറയുന്നു.
മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും ശബരിമല സീസണിൽ എരുമേലിയിലും വിപിൻ ജോലി ചെയ്തിട്ടുണ്ട് . ഫെഡറൽ ബാങ്ക് ജീവനക്കാരിയായ രാജി ആണ് ഭാര്യ.