പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ ഫോറസ്റ്റ് റേഞ്ച് ഓഫീസർ അറസ്റ്റിൽ. പാലക്കാട് ഒലവക്കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ തൃശൂർ പൂങ്കുന്നം സ്വദേശി വി.ബി അഖിലിനെ (35)യാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.
ഒലവക്കോട് മേഖലയിൽ വനം വകുപ്പിന്റെ ജണ്ട നിർമാണം ഏറ്റെടുത്ത കരാറുകാരനോട് ബില്ല് ഒപ്പിടാൻ കൈക്കൂലി വാങ്ങുന്പോഴാണ് വിജിലൻസ് കൈയോടെ പിടികൂടിയത്.
കരാറുകാരനായ കോഴിക്കോട് കുറ്റ്യാടി സ്വദേശി ജോസഫിൽ നിന്നും 50000 രൂപ കൈക്കൂലി വാങ്ങുന്പോഴാണ് ഒലവക്കോട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ വി.ബി. അഖിലിനെ പാലക്കാട് വിജിലൻസ് ഡിവൈഎസ്പി ഷംസുദ്ദീനും സംഘവും അറസ്റ്റു ചെയ്യുന്നത്.
ഒലവക്കോട് ഫോറസ്റ്റ് റേഞ്ചിന് കീഴിൽ ജണ്ട കെട്ടിയതിന് 28 ലക്ഷം രൂപ കരാറുകാരനായ ജോസഫിന് ലഭിക്കാൻ ഉണ്ടായിരുന്നു.
ഈ ബില്ല് പാസാക്കുന്നതിന് റേഞ്ച് ഓഫീസർ രണ്ടു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി കരാറുകാരൻ പരാതിപ്പെട്ടിരുന്നു.
ഇതിന് തയ്യാറാകാതെ വന്നതോടെ ഒന്നേകാൽ ലക്ഷം രൂപയെങ്കിലും നൽകണമെന്നും അല്ലാതെ ബില്ലിൽ ഒപ്പിടില്ലെന്നും റേഞ്ച് ഓഫീസർ വ്യക്തമാക്കി.
ഇതോടെയാണ് കരാറുകാരനായ ജോസഫ് പാലക്കാട് വിജിലൻസ് ഡി വൈഎസ്പിക്ക് പരാതി നൽകിയത്.
തുടർന്ന് വിജിലൻസ് റേഞ്ച് ഓഫീസറെ നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നലെ 50000 രൂപ കൊടുക്കാൻ ശ്രമിക്കുന്നതിനിടെ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ അറസ്റ്റു ചെയ്തു.
ഇയാൾക്ക് എതിരെ മുന്പും വിജിലൻസ് കേസ് എടുത്തിട്ടുണ്ട്. അഖിലിന് എതിരെ മറ്റൊരു കരാറുകാരനും കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി നൽകിയിട്ടുണ്ട്.
ഇയാൾക്ക് എതിരെ വകുപ്പുതല നടപടിക്ക് ശിപാർശ ചെയ്തിട്ടുണ്ടന്ന് അധികൃതർ വ്യക്തമാക്കി.