കൊല്ലം : വിദ്യാർത്ഥികളുടെ ഭൗതികതലത്തിലും വൈകാരികതലത്തിലും നൈപുണ്യതലത്തിലുമുള്ള വികസനത്തിന് അദ്ധ്യാപകൻ പ്രാധാന്യം നൽകണമെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി മുൻവൈസ്ചാൻസലർ ഡോ. പി.ചന്ദ്രമോഹൻ. ശിവപ്രസാദ് അനുസ്മരണവും അവാർഡ്ദാനവും നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രൊഫ.ശിവപ്രസാദ് ഫൗണ്ടേ ഷൻ സംഘടിപ്പിച്ച ശിവപ്രസാദ് അനുസ്മരണവും 2019-ലെ കേരളത്തിലെ മികച്ച കോളേജ് അദ്ധ്യാപകനുള്ള അവാർഡ്ദാനവും കൊല്ലം ശ്രീനാരായണ പബ്ലിക് സ്കൂളിൽ നടന്നു. കൊല്ലം കോർപ്പറേഷൻ മേയർ അഡ്വ: വി.രാജേന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. ഡോ.എൽ.വിനയകുമാർ പ്രശസ്തിപത്രം അവതരിപ്പിച്ചു.
തൊടുപുഴ ന്യൂമാൻ കോളേജ് ഫിസിക്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസറും വകുപ്പ് മേധാവിയുമായ ഡോ.ജോ ജേക്കബിന് പ്രൊഫ.ശിവപ്രസാദ് ഫൗണ്ടേ ഷൻ കേരളത്തിലെ മികച്ച കോളേജ് അദ്ധ്യാപകനുള്ള അവാർഡ് നൽകി ആദരിച്ചു.
പ്രൊഫ.ശിവപ്രസാദിന്റെ ഛായാചിത്രം മേയർ അനാച്ഛാദനം ചെയ്തു. ശ്രീനാരായണ എഡ്യൂക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് എം.എൽ.അനിധരൻ, ശ്രീനാരായണ പബ്ലിക് സ്കൂൾ പ്രിൻസിപ്പാൽ എൻ.ജി.ബാബു പ്രൊഫ.കെ.ശശികുമാർ പ്രൊഫ.ജി.സുരേഷ് എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ കൊല്ലം ജില്ലയിൽ നിന്നും സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ ശ്രീനാരായണ പബ്ലിക് സ്കൂൾ പൂർവ്വവിദ്യാർത്ഥി അശ്വത്ബാജിയെ ആദരിച്ചു.