കൊച്ചി: ചാൻസലറായ ഗവർണർ അന്തിമതീരുമാനം എടുക്കുന്നതുവരെ സംസ്ഥാനത്തെ ഒൻപത് സർവകലാശാലാ വൈസ് ചാൻസലർമാർക്കും തൽകാലം പദവിയിൽ തുടരാമെന്ന് ഹൈക്കോടതി.
രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ നോട്ടീസിനെതിരേ വിസിമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി.
കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെ ഉടൻ രാജിവയ്ക്കണമെന്ന കത്ത് അസാധുവായെന്ന് കോടതി നിരീക്ഷിച്ചു. നിയമപ്രകാരം നീക്കം ചെയ്യപ്പെടുന്നതുവരെ വിസിമാർക്ക് തുടരാം.
സുപ്രീംകോടതി വിധിപ്രകാരം കടുത്ത നടപടിയിലേക്ക് കടക്കും മുൻപ് നടത്തിയ അഭ്യർഥന മാത്രമായിരുന്നു ഗവർണറുടേത്. വിസിമാർക്ക് മാന്യമായി പുറത്തേക്ക് പോകാനുള്ള അവസരമാണ് ഗവർണർ നൽകിയത്.
വിശദീകരണം നൽകാനും വിസിമാരുടെ ഭാഗം കേൾക്കാനുമായി 10 ദിവസത്തെ സാവകാശം കാരണം കാണിക്കൽ നോട്ടീസിൽ നൽകിയിട്ടുണ്ട്.
വിസിമാർക്ക് എന്താണ് പറയാനുള്ളതെന്ന് ഗവർണർ കേൾക്കണം. വിശദീകരണം കേൾക്കാതെ കടുത്ത നടപടി എടുക്കില്ലെന്ന് ഗവർണർ ഉറപ്പ് നൽകിയിട്ടുണ്ട്. ഇതിനു ശേഷം ചാൻസലർക്ക് നടപടിയെടുക്കാമെന്നും കോടതി അറിയിച്ചു.