കൊച്ചി: ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്റെ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ ഹൈക്കോടതിയില്‍. ഏഴ് വിസിമാരാണ് ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയത്. ഹര്‍ജി ഇന്ന് ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.
രാജി ആവശ്യപ്പെട്ടിട്ടും വിസിമാര്‍ രാജിവെക്കാത്തതിനെതുടര്ന്നാണ് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് ആവശ്യപ്പെട്ടത്. ബുധനാഴ്ചയാണ് ഗവര്‍ണറുടെ നോട്ടീസിനു മറുപടി നല്‍കാനുള്ള അവസാന തീയതി. ഈ സാഹചര്യത്തിലാണ് വിസിമാര്‍ കോടതിയെ സമീപിച്ചത്.
ചാന്‍സലര്‍ക്ക് നേരിട്ട് വിസിയെ പുറത്താക്കാനാവില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. വിസിക്കെതിരെ നടപടി എടുക്കുന്നതിനു മുമ്പ് വിരമിച്ച ജഡ്ജി അടക്കമുള്ളവര്‍ ഉള്‍പ്പെടുന്ന സമിതിയെ വെച്ച് അന്വേഷണം നടത്തണമെന്നാണ് ചട്ടം. ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണെന്നാണ് വിസിമാരുടെ വാദം.
എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയതിനു പിന്നാലെയാണ് മറ്റ് വിസിമാരോട് ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ടത്. നിയമനം യുജിസി ചട്ടപ്രകാരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.