ഗുരുവായൂർ: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു 21ന് ഗുരുവായൂരിലെത്തും. ശ്രീ ഗുരുവായൂരപ്പൻ ധർമ്മകലാ സമുച്ചയം ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന അഷ്ടപതി ആട്ടത്തിന്റെ ദൃശ്യാവിഷ്കാരത്തിന്റെ ഉദ്ഘാടനത്തിനായാണ് ഉപരാഷ്ട്രപതി ഗുരുവായൂരിലെത്തുന്നത്.
അന്നേദിവസം വൈകിട്ട് നാലിന് ഗുരുവായൂർ ദേവസ്വത്തിന്റെ പൂന്താനം ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. ജയദേവ കൃതികളുടെ അഷ്ടപതി ആട്ടം കാലടി യൂണിവേഴ്സിറ്റിയിലെ അധ്യാപകനായ ഡോ. വേണുനായരാണ് ചിട്ടപ്പെടുത്തിയത്. കലാസംവിധാനം സിനിമ സംവിധായകൻ ശ്രീകുമാറാണ് ഒരുക്കുന്നത്.
ഗുരുവായൂർ ദേവസ്വം തന്ത്രി ചേന്നാസ് ദിനേശൻ നന്പൂതിരിപ്പാട്, മെട്രോമാൻ ഇ. ശ്രീധരൻ എന്നിവരാണ് ട്രസ്റ്റിന് നേതൃത്വം നൽകുന്നത്. കേന്ദ്രമന്ത്രി ഡോ. മഹേഷ് ശർമ്മ, സംസ്ഥാന മന്ത്രിമാർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. ഉപരാഷ്ട്രപതി ക്ഷേത്രദർശനവും നടത്തും