ഏഴിമല (കണ്ണൂർ): സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിൽ ഏഴിമല നാവിക അക്കാദമിയുടെ പങ്ക് നിസ്തുലമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇന്നു രാവിലെ ഏഴിമല നാവിക അക്കാഡമിയിൽ നടന്ന ചടങ്ങിൽ സൈനിക യൂണിറ്റുകൾക്കു രാജ്യം നൽകുന്ന പരമോന്നത ബഹുമതിയായ പ്രസിഡന്റ്സ് കളർ പുരസ്കാരം ഏഴിമല നാവിക അക്കാദമിക്കു സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരമ്പരാഗതവും അല്ലാത്തതുമായ സുരക്ഷാ വെല്ലുവിളികളാണ് രാജ്യം നേരിടുന്നത്. വിവരസങ്കേതിക രംഗത്തെ വളർച്ച സൈനിക പരിശീലന രംഗത്ത് കൂടി ഉപയോഗപ്പെടുത്തുന്നതിന് നാം സജ്ജമാകണം. ഏഴിമല നാവിക അക്കാദമിയുടെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തിയാൽ ഭാവിയിലെ വാഗ്ദാനങ്ങളെ വാർത്തെടുക്കുന്നതിന് വേണ്ടി കൃത്യമായ നിക്ഷേപമാണ് നടത്തിയിരിക്കുന്നതെന്ന് ബോധ്യപ്പെട്ടതായും രാഷ്ട്രപതി പറഞ്ഞു.
രാവിലെ ഏഴിമലയിലെ അക്കാഡമി ആസ്ഥാനത്ത് കേഡറ്റ് പരേഡിനു ശേഷമായിരുന്നു പുരസ്കാര സമർപ്പണം. പട്ടിൽ തയാറാക്കിയ പ്രത്യേക പതാകയായ പ്രസിഡന്റ്സ് കളർ രാഷ്ട്രപതിയിൽ നിന്ന് അക്കാഡമി കാഡറ്റ് ക്യാപ്റ്റൻ സുശീൽ സിംഗ് ഏറ്റുവാങ്ങി. തുടർന്ന് കാഡറ്റുകളെയും അതിഥികളെയും അഭിസംബോധന ചെയ്തു രാഷ്ട്രപതി പ്രസംഗിച്ചത്. പ്രത്യേക തപാൽ കവറും പുറത്തിറക്കി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഉയർന്ന നാവികോദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ബ്രിട്ടീഷ് ഭരണകാലത്തു 33 വർണപതാകകൾ ബഹുമതിയായി സേനാ യൂണിറ്റുകൾക്കു നൽകിയിരുന്നു. രാജ്യം സ്വതന്ത്രമായശേഷം അത് അവസാനിപ്പിക്കുകയും 1951 മേയിൽ പ്രസിഡന്റ്സ് കളർ ഏർപ്പെടുത്തുകയും ചെയ്തു. ഇന്ത്യൻ നാവികസേനയാണ് ആദ്യത്തെ പ്രസിഡന്റ്സ് കളർ സ്വന്തമാക്കിയത്.
1969ൽ സ്ഥാപിതമായ ഇന്ത്യൻ നാവിക അക്കാഡമിക്കു സുവർണജൂബിലി വർഷത്തിലാണ് ഈ ബഹുമതി ലഭിക്കുന്നത്. 1969ൽ കൊച്ചിയിൽ ആരംഭിച്ച അക്കാഡമി 1986ൽ ഗോവയിലേക്കും 2009ൽ ഏഴിമലയിലേക്കും മാറ്റുകയായിരുന്നു.
ഈ വർഷം രണ്ടാമത്തെ പ്രസിഡന്റ്സ് കളറാണു രാഷ്ട്രപതി സമ്മാനിക്കുന്നത്.
ആറു മാസം മുന്പ് ഒഡീഷയിലെ എയർ ഡിഫൻസ് കോർ ബഹുമതി സ്വന്തമാക്കിയിരുന്നു. ഒരു യൂണിറ്റിന് ഒരിക്കൽ മാത്രമാണ് ഈ ബഹുമതി നൽകുക. രാഷ്ട്രപതിയിൽ നിന്ന് ലഭിക്കുന്ന പതാക പിന്നീടു സവിശേഷ അവസരങ്ങളിൽ പരേഡിന്റെ ഭാഗമായി ഉപയോഗിക്കും.