വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണത്തിനായി അപകടകരമായ നിലയിൽ കൂറ്റൻ പാറക്കല്ലുകളുമായി പോയ ടിപ്പർ ലോറി എം.വിൻസെന്റ് എംഎൽഎ തടഞ്ഞ് പോലീസിന് കൈമാറി.
ഇന്നലെ രാവിലെ വിഴിഞ്ഞം കട്ടച്ചൽകുഴി ജംഗ്ഷനിലാണ് എംഎൽഎയുടെ നേതൃത്വത്തിൽ വാഹനം തടഞ്ഞത്. അമിത ഭാരം കയറ്റി ഒരു വശം ചരിഞ്ഞ നിലയിലായിരുന്നു ലോറി റോഡിലൂടെ പോയിരുന്നത്.
പിൻവശത്തുള്ള ബ്രേക്ക് ലൈറ്റുകളോ ഇൻഡിക്കേറ്ററുകളോ ലോറിയിൽ ഇല്ലായിരുന്നു. ഈ സമയം ഇതുവഴി പോയ എംഎൽഎ ഇത് കാണുകയും ലോറി തടയുകയായിരുന്നു. എംഎൽഎ അറിയിച്ചതിനെ തുടർന്ന് എത്തിയ ബാലരാമപുരം പോലീസ് ലോറി കസ്റ്റഡിയിലെടുത്തു.
വിഴിഞ്ഞം പദ്ധതി പ്രദേശത്തേക്ക് പോകുന്ന ടിപ്പര്‍ ലോറികളിലെ അമിത ലോഡ് നാട്ടുകാര്‍ക്ക് ഭീഷണിയായി മാറിയിരിക്കുകയാണെന്ന് പരാതിയുണ്ടായിരുന്നു. ഏറെ തിരക്കുള്ള സമയങ്ങളില്‍ പോലും നിശ്ചിത ഭാരത്തെക്കാള്‍ കൂടുതല്‍ ലോഡുമായി പോകുന്ന ടിപ്പറുകളിൽ പലതും അനധികൃതമായി ഉയരംകൂട്ടുന്നതായും ആക്ഷേപമുണ്ട്.
സാധരണ വാഹനങ്ങളെ പിടികൂടി പെറ്റിയടിക്കുന്ന പോലീസും മോട്ടോര്‍ വാഹനവകുപ്പും അമിത ലോഡുമായി പോകുന്ന ഇത്തരം വാഹനം കണ്ടില്ലെന്ന് നടിക്കുന്നതായും നാട്ടുകാര്‍ പറയുന്നു.
പത്ത് ടയറുള്ള ടിപ്പറിന് വാഹനത്തിന്റെ വെയിറ്റ് ഉള്‍പ്പെടെ ഇരുപത്തി എട്ടായിരം കിലോയാണ് അനുവദിച്ചിട്ടുള്ളത്.പന്ത്രണ്ട് ടയര്‍ ടിപ്പറിന് മുപ്പത്തി അയ്യായിരം കിലോയുമാണ് അനുവധിച്ചിട്ടുള്ളതെങ്കിലും അന്‍പത് ടണ്ണിലേറെ ഭാരവുമായിട്ടാണ് ഇതിലൂടെ ലോഡ് പോകുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
ബോഡി തകരാറിലായ ചില ലോറികളിൽ നിന്ന് ഏതുനിമിഷവും കൂറ്റൻ പാറകൾ റോഡിലേക്ക് വീഴാവുന്ന അവസ്ഥയാണ്. പല ലോറികളിലും നമ്പർ പ്ലേറ്റുകൾ കാണാൻ കഴിയാത്ത നിലയിലാണ് സ്ഥാപിച്ചിട്ടുള്ളതെന്നും, ലൈറ്റുകളോ ഇൻഡിക്കേറ്ററുകളോ പ്രവർത്തിക്കുന്നില്ല എന്നും ആരോപണമുണ്ട്. അമിതഭാരം കാരണം ടയർ പഞ്ചറാകുന്ന ടിപ്പറുകൾ വഴിയിൽ കുടുങ്ങുന്നതും നിത്യസംഭവമായി .