ഒലിവ് ഓയിലും വിക്‌സും ചേര്‍ത്ത് തലയില്‍ പുരട്ടിയാല്‍ കൊഴിച്ചില്‍ മാറി മുടി തഴച്ച് വളരുമോ! പരീക്ഷണങ്ങള്‍ക്ക് മുതിരുന്നതിന് മുമ്പ് ഈ യുവതി പറയുന്നതുകൂടി ഒന്ന് കേട്ടോളൂ

മുടി വളരുന്ന കാര്യമാണെങ്കില്‍ എന്ത് തരത്തിലുള്ള പരീക്ഷണങ്ങള്‍ നടത്താനും ആളുകള്‍ തയാറാണ്. അതിന് ആണ്‍ -പെണ്‍ വ്യാത്യാസവുമില്ല. അത് തലയെയും ശരീരത്തിലെ മറ്റ് അവയവങ്ങളെയും എങ്ങനെ ബാധിക്കുമെന്ന് പോലും മനസിലാക്കാതെ പരീക്ഷണം നടത്താനാണ് അവര്‍ ശ്രമിക്കുക. ഇത്തരത്തില്‍ അടുത്തകാലത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായ, മുടി വളരാനുള്ള ഒരു മാര്‍ഗമാണ് തലയോട്ടിയില്‍ വിക്‌സ് തേച്ച് പിടിപ്പിക്കുക എന്നത്.

ഒലിവ് ഓയിലും വിക്സും ചേര്‍ത്ത് ആഴ്ചയില്‍ രണ്ടു തവണ തലയില്‍ പുരട്ടിയാല്‍ മുടി കൊഴിച്ചില്‍ മാറുമെന്നും പുതിയ മുടി വളരുമെന്നും വാദമുയര്‍ന്നിരുന്നു. എന്നാല്‍ തലയില്‍ വിക്സ് പുരട്ടിയപ്പോള്‍ ഉണ്ടായ അനുഭവം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് വ്ളോഗറായ ഒരു യുവതി. ആദ്യപത്തു ദിവസം മികച്ച ഫലമായിരുന്നു എന്നും ചെറിയ മുടികള്‍ ധാരാളം വളര്‍ന്നു വന്നു എന്നും യുവതി പറയുന്നു.

എന്നാല്‍ മൂന്നാമത്തെ ആഴ്ചയില്‍ വിക്സ് തലയില്‍ പുരട്ടിയപ്പോള്‍ അസഹനീയമായ തലവേദന അനുഭവപ്പെട്ടു. ആദ്യം വിക്സിനെ സംശയിച്ചില്ല. എന്നാല്‍ അടുത്ത തവണ വിക്സ് പുരട്ടിയപ്പോള്‍ തലവേദന ആവര്‍ത്തിച്ചു. അപ്പോള്‍ മാത്രമാണ് തലവേദനയുടെ കാരണം വിക്സാണെന്ന് തിരിച്ചറിഞ്ഞത്. ആ ആഴ്ചയിലും തലവേദന ആവര്‍ത്തിച്ചു. സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലും ഭീകരമായിരുന്നു അതെന്ന് യുവതി പറയുന്നു.

മുടി വളരുമെന്ന് പറയുന്നത് ഏറെക്കുറെ സത്യമാണെങ്കിലും ഇത്തരം മാര്‍ഗങ്ങളുടെ പിന്നാലെ പോകുമ്പോള്‍ ഉണ്ടാകാവുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ചും ചിന്തിക്കുകയും ശ്രദ്ധിക്കുകയും ചെയ്യണമെന്നും യുവതി കൂട്ടിച്ചേര്‍ക്കുന്നു.

 

Related posts