
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്കുള്ള വിക്ടേഴ്സ് ചാനലിലെ പഠന സമ്പ്രദായത്തിൽ തിങ്കളാഴ്ച മുതൽ രണ്ടാംഘട്ട ക്ലാസുകൾ തുടങ്ങും. ക്ലാസുകൾ മുൻനിശ്ചയിച്ച സമയക്രമത്തിൽ തന്നെയായിരിക്കും നടക്കുകയെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ജൂൺ ഒന്ന് മുതൽ ആദ്യ ഒരാഴ്ച ഒരേ പാഠഭാഗങ്ങൾ തന്നെയാണ് വിക്ടേഴ്സ് ചാനൽ വഴി കാണിച്ചിരുന്നത്. ആദ്യ ഘട്ടത്തിൽ മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും മികച്ച സ്വീകാര്യതയുണ്ടായെന്നുമാണ് വിലയിരുത്തൽ.
അതേസമയം, ഇതരഭാഷാ വിഷയങ്ങൾക്ക് മലയാളം വിശദീകരണം അനുവദിക്കും. അറബി, ഉറുദു, സംസ്കൃതം ക്ലാസുകൾ തിങ്കളാഴ്ച മുതൽ തുടങ്ങും. സംസ്ഥാനത്ത് ടിവി ഇല്ലാത്ത 4000 വീടുകൾ ഉണ്ടെന്നും ഇവർക്ക് രണ്ടു ദിവസം കൊണ്ട് ടിവി എത്തിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.