മാല പണയം വച്ച് അച്ഛന്‍ സിപിഐക്കാര്‍ക്ക് 63,000 നല്‍കി; പിന്നീട് എഐവൈഎഫ് കൊടി നാട്ടിയതോടെ കടക്കെണിയിലാകുയായിരുന്നു; ആത്മഹത്യ ചെയ്ത പ്രവാസി സുഗതന്‍ മകന്റെ വെളിപ്പെടുത്തല്‍…

 

കൊല്ലം: സിപിഐ-എഐവൈഎഫ് പ്രവര്‍ത്തകര്‍ വര്‍ക്ക്‌ഷോപ്പ് നിര്‍മാണം തടഞ്ഞതിലും ഭീഷണിപ്പെടുത്തിയതിലും മനംനൊന്ത് ആത്മഹത്യ ചെയ്ത പ്രവാസി സുഗതന്‍ സി.പി.ഐ. നേതാക്കള്‍ക്കു പണം നല്‍കിയിരുന്നെന്നു മകന്‍ സുനിലിന്റെ വെളിപ്പെടുത്തല്‍. സ്വര്‍ണം പണയംവച്ച് 63,000 രൂപയാണു സി.പി.ഐ. നേതാക്കള്‍ക്കു നല്‍കിയത്. സ്വര്‍ണം പണയപ്പെടുത്തിയതിന്റെ രസീതുകള്‍ സുനില്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

സുഗതന്‍ സി.പി.ഐ. നേതാക്കന്‍മാര്‍ക്കു പണം നല്‍കിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. പുനലൂര്‍ ഐക്കരകോണം വാഴമണ്‍ സ്വദേശി സുഗതനെ ഫെബ്രുവരി 23-നാണ് വര്‍ക്ക്ഷോപ്പ് ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 25 വര്‍ഷത്തോളം ഗള്‍ഫില്‍ ജോലി ചെയ്ത സുഗതന്‍ മുഴുവന്‍ സമ്പാദ്യവും ഉപയോഗിച്ച് ഇളമ്പലില്‍ ഒരു വര്‍ക്ക്ഷോപ്പ് നിര്‍മിച്ചിരുന്നു. മറ്റൊരാളുടെ ഭൂമി പാട്ടത്തിനെടുത്തായിരുന്നു നിര്‍മാണം. നിര്‍മാണം പൂര്‍ത്തിയായതിനു പിന്നാലെ സ്ഥലം വയല്‍ നികത്തിയതാണെന്നാരോപിച്ച് എ.ഐ.െവെ.എഫ് പ്രവര്‍ത്തകര്‍ കൊടി നാട്ടി പ്രവര്‍ത്തനം തടഞ്ഞു. ഇതോടെ സുഗതന്‍ കടക്കെണിയിലാകുകയായിരുന്നു.

സുഗതനോടു ചില നേതാക്കള്‍ക്കു വ്യക്തിവിരോധം ഉണ്ടായിരുന്നുവെന്നും ഇതിനെത്തുടര്‍ന്ന് എ.ഐ.െവെ.എഫ്. പ്രവര്‍ത്തകര്‍ സുഗതനെ ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നുമാണ് മകന്‍ സുനില്‍ നല്‍കിയ മൊഴി. സുഗതനു നേരേയുണ്ടായ പ്രതിഷേധം വ്യക്തിവിരോധമാണെന്ന ആരോപണം ശക്തമാണ്. 2007-ല്‍ നികത്തിയ ഭൂമിയാണ് ഇത്. സുഗതന്റെ വര്‍ക്ക്ഷോപ്പ് ഷെഡിനോടു ചേര്‍ന്ന് വയല്‍ നികത്തി കൂറ്റന്‍ ഓഡിറ്റോറിയം വരെ നിര്‍മിച്ചിട്ടുണ്ട്. ആത്മീയ സ്ഥാപനവും ഇവിടെ വയല്‍ നികത്തി നിര്‍മാണം നടത്തിയിട്ടുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. നിയമസഭയിലും സംഭവം ഇന്നലെ രൂക്ഷമായ വാക്കുതര്‍ക്കമായിരുന്നു.

പുനലൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായിയുടെ മക്കള്‍ സ്വര്‍ണം പണയം വച്ചു കിട്ടിയ പണം സി.പി.ഐയുടെ ഓഫീസിലേക്കാണു പോയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ആരോപിച്ചു. സി.പി.ഐ പണം വാങ്ങിയിട്ടില്ലെന്നും അങ്ങനെ ചെയ്യുന്നവരാണ് ആരോപണം ഉന്നയിക്കുന്നതെന്നും മന്ത്രി വി.എസ്. സുനില്‍കുമാര്‍ തിരിച്ചടിച്ചു. നെല്‍വയല്‍ നികത്തിയതുകൊണ്ടാണ് കൊടികുത്തിയതെന്ന് മന്ത്രി കെ.രാജുവും വാദിച്ചു. എന്നാല്‍ അതിന് തൊട്ടടുത്തുള്ള നിരവധി കെട്ടിടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ട് ഇവയ്ക്കെതിരെ എന്തുകൊണ്ട് സമരം നടക്കുന്നില്ലെന്ന് യു.ഡി.എഫ് ചോദിച്ചു.

സി.പി.ഐയെ പ്രതിപക്ഷം ഒന്നാകെ ആക്രമിച്ചെങ്കിലും പ്രതിരോധത്തിന് സി.പി.എം സഹകരിച്ചുമല്ല, ഫലത്തില്‍ സി.പി.ഐ ഒറ്റപ്പെട്ട സ്ഥിതിയിലായി. സ്വര്‍ണ്ണം പണയം വച്ച് കിട്ടിയ 63,000 രൂപ കാണാനില്ലെന്ന് വീടു സന്ദര്‍ശിച്ച തന്നോട് സുഗതന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞതായി രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇത് സി.പി.ഐയുടെ ഓഫീസിലേക്കാണ് പോയത്. പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ സുപാല്‍ ആ വീട്ടില്‍ പോയിരുന്നു. എ.ഐ.െവെ.എഫിനാണ് ഇതില്‍ പങ്ക്. അതുകൊണ്ടാണ് ഒത്തുതീര്‍പ്പിന് സുപാല്‍ പോയത്. ഇതില്‍ ഉള്‍പ്പെട്ട വരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാത്തതെന്തെന്നും അദ്ദേഹം ചോദിച്ചു.എന്തായാലും ഈ വിവരം പുറത്തു വന്നതോടെ സിപിഐ കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.

Related posts