വിക്ടര്‍ ഹ്യൂഗോയെന്ന ഫ്രഞ്ചുകാരന്റെ കൂനനെ ഓര്‍മയുണ്ടോ? ഓ..! എങ്ങനെ മറക്കും. അപ്പോള്‍ കൂനന്റെ നോട്രഡാമിലെ കത്തീഡ്രല്‍. വിപ്ലവങ്ങളേയും രണ്ടു ലോക മഹായുദ്ധങ്ങളെയും അതിജീവിച്ച, കൂനനൊപ്പം ലോക മനസില്‍ കുടിയേറ്റം നടത്തിയ നോട്രഡാമിലെ കത്തീഡ്രല്‍..! ഓ..! അതും എങ്ങനെ മറക്കാനാ… അതേ, അന്ന് ആ കത്തീഡ്രല്‍ തീ നാളങ്ങളോട് പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന്, ഒന്നിനെയും വകവച്ചുകൊടുക്കാത്ത അഗ്‌നിയുടെ ധൃതരാഷ്ട്രാലിംഗനത്തില്‍ വിശ്വപ്രസിദ്ധ കത്തീഡ്രല്‍ ഏതാണ്ട് പൂര്‍ണമായും കത്തിച്ചാമ്പലായിരിക്കുന്നു.
യുദ്ധത്തെയും വിപ്ലവത്തെയും അതിജീവിച്ച് നൂറ്റാണ്ടുകള്‍ ഫ്രാന്‍സിന്റെ പ്രതീകമായി നിലനിന്ന ദേവാലയമാണ് നോട്രഡാമിലെ കത്തീഡ്രല്‍. കലാ ചാരുതയ്ക്കും കീര്‍ത്തികേട്ടതാണ് നോട്രഡാം ദേവാലയം. ലോകത്തിലെ ഏറ്റവും വലിപ്പമേറിയ 850 വര്‍ഷത്തിലേറെ പഴക്കമുള്ള അതിപ്രശസ്തമായ പാരീസിലെ നോട്രഡാം കത്തീഡ്രലിലെ തീപിടുത്തം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
ചരിത്രത്തിന്റെ പല ഏടുകളിലും ഈ കത്തീഡ്രലിന് നിര്‍ണായകമായ സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടുണ്ട്. 1163 ല്‍ സ്ഥാപിതമായ ഈ ദേവാലയത്തിന്റെ നിര്‍മ്മാണം പലഘട്ടങ്ങളിലായി നീങ്ങി, 1345 ലാണ് അവസാനിച്ചത്. 1804 ഡിസംബര്‍ രണ്ടാം തീയതി നെപ്പോളിയന്റെ കിരീടധാരണം ഇവിടെ വെച്ചാണ് നടന്നത്. ജാക്വിസ് ലൂയിസ് ഡേവിസ് എന്ന ഫ്രഞ്ച് കലാകാരന്‍ ചിത്രീകരിച്ച് കിരീടധാരണം ലുവ്‌റേ മ്യൂസിയത്തില്‍ പെയിന്റിങ്ങുകളുടെ കൂട്ടത്തില്‍ കാണാം.
വിനോദസഞ്ചാരികളുടെ കുത്തൊഴുക്ക് നടക്കുന്ന ഒരിടം കൂടിയായ ഈ കത്തീഡ്രല്‍ അനേകം സാഹിത്യകൃതികളിലും വിഷയമായിട്ടുണ്ട്. ഫ്രഞ്ച് വിപ്ലവകാലത്ത് ഇവിടുത്തെ പുരാതനമായ പല ശില്പങ്ങളും മറ്റും വികലമാക്കപ്പെടുകയോ, നശിപ്പിക്കപ്പെടുകയോ ചെയ്തുവെങ്കിലും പിന്നീട് ആധുനിക രീതിയില്‍ പുനരുദ്ധാരണം നടന്നു. പുരാതന രീതിയെ തച്ചുടച്ചുകൊണ്ടുള്ള പുനരുദ്ധാരണം പാരീസിലെ ഒരു വിഭാഗം ജനങ്ങളില്‍ അസംതൃപ്തി ഉണ്ടാക്കി. അക്കൂട്ടത്തില്‍ ഉള്‍പെട്ട വ്യക്തിയായിരുന്നു, വിശ്വപ്രശസ്ത ഫ്രഞ്ച് സാഹിത്യകാരന്‍ വിക്ടര്‍ ഹ്യൂഗോ.
അദ്ദേഹത്തിന്റെ 1931 ല്‍ പ്രസിദ്ധീകരിച്ച നോട്രഡാമിലെ കൂനന്‍ എന്ന വിഖ്യാതകൃതി ഒരു റൊമാന്റിക് -ഗോത്തിക് നോവലാണ്. പ്രധാന കഥാപാത്രങ്ങളായ എസ്മറാല്‍ഡ എന്ന ജിപ്‌സി നര്‍ത്തകിയേയും അവരെ മോഹിച്ച പള്ളിയിലെ മണിമുട്ടുകാരനും വിരൂപിയുമായ ക്വാസിമോഡോ എന്ന കൂനനെയും പോലെ നൊട്രഡാമിലെ പഴയ രൂപത്തിലുള്ള പള്ളിയും നോവലില്‍ സ്ഥാനം പിടിച്ചു. അവഗണിക്കപ്പെട്ടിരുന്ന ഗോത്തിക് ആര്‍കിടെക്ചറിനെ കുറിച്ച് പൊതുജനങ്ങളില്‍ ഒരവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ഗ്രന്ഥകര്‍ത്താവിന്റെ ലക്ഷ്യം.
നോട്രഡാം കത്തീഡ്രലിന്റെ യഥാര്‍ത്ഥ പേരായ നോട്രഡാം ഡി പാരിസ് എന്നായിരുന്നു നോവലിന്റെ പേരും. അത് ഫ്രഞ്ച് ഭാഷയില്‍ നിന്ന് തര്‍ജ്ജമ ചെയ്തപ്പോഴാണ് ഹഞ്ച് ബാക്ക് ഓഫ് നോട്രഡാം-നോട്രഡാമിലെ കൂനന്‍ ആയത്. നോവല്‍ പാരീസില്‍ ജനപ്രീതി നേടിയതോടൊപ്പം ജനങ്ങളില്‍ ഗോത്തിക് ആര്‍കിടെക്ചറിനോടും പുരാതന കലാസംസ്‌കൃതിയോടും ഉള്ള താല്പര്യം വര്‍ധിച്ചു. പാരീസ് നഗരത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും ഈ മാറ്റം കാണാനായി. 1845 മുതല്‍ ഏറ്റവും അവസാനം 1990 വരെ നോട്രഡാം കത്തീഡ്രലില്‍ നടന്ന പുനരുദ്ധാരണ പ്രവൃത്തികളിലും പഴയ ഫ്രഞ്ച്-ഗോത്തിക് രീതിയാണ് പിന്തുടര്‍ന്നത്. അങ്ങനെയാണ് നോട്രഡാം കത്തീഡ്രലിന്റെ ഇന്ന് കാണുന്ന കലാചാരുതയ്ക്കും പ്രസിദ്ധിയ്ക്കും നോട്രഡാമിലെ കൂനനും, വിക്ടര്‍ ഹ്യൂഗോയും കാരണമായത്.
സെയിന്‍ നദിക്കരയിലാണ് നോട്രഡാം ഡി പാരീസ് അഥവാ അവര്‍ ലേഡി ഓഫ് പാരീസ് എന്ന കാത്തലിക് കത്തീഡ്രല്‍ സ്ഥിതി ചെയ്യുന്നത്. ചുവരുകളുടെ മേല്‍ ഭാഗത്ത് ചില്ലുജാലകങ്ങള്‍. ഒരു മുറിയില്‍ പള്ളിയില്‍ നേര്‍ച്ചയായി കിട്ടിയ വിലപിടിപ്പുള്ള സാധനങ്ങളും, പഴയകാലത്തെ സാധന സാമഗ്രികളും സൂക്ഷിച്ചിരിക്കുന്ന ഒരു കലവറയുണ്ട്. പള്ളിമേടയില്‍ കയറിയാല്‍ പാരീസ് നഗരം കാണാം. വിശ്വപ്രസിദ്ധമായ 15 ടണ്‍ ഭാരമുള്ളതടക്കം പത്തിലേറെ മണികളും, ഈശോയെ ക്രൂശിച്ച മരക്കുരിശിന്റെ ഒരു ഭാഗവും ഒരു ആണിയും അണിഞ്ഞ മുള്‍ക്കിരീടവും, പ്രധാന കവാടത്തിന് മുകളിലെ കലാരൂപവും കന്യകാ മാതാവിന്റെ 37 ലധികം വരുന്ന പ്രതിമകളും, പള്ളി സ്ഥാപിക്കാനായി നിയോഗിക്കപ്പെട്ട് പിന്നിട് രക്തസാക്ഷിയായി മരിച്ച വിശുദ്ധ ഡെന്നിസിന്റെ പ്രതിമകളും എല്ലാം കാഴ്ചക്കാര്‍ക്ക് വിസ്മയമൊരുക്കുന്നു.
പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയിലാണ് കത്തീഡ്രലില്‍ തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സംഭവത്തെ തുടര്‍ന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ രാജ്യത്തെ അഭിസംബോധന ചെയ്യാനിരുന്ന ടെലിവിഷന്‍ പരിപാടി മാറ്റിവച്ചതായി അറിയിച്ചു. അതേസമയം, തീപിടിത്തം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഫ്രാന്‍സില്‍ നിരവധി പള്ളികള്‍ക്കു നേരെ ആക്രമണം നടന്നിരുന്നു. ഇപ്പോഴത്തെ സംഭവം ഇതുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.