കോട്ടയം: ഐഎസ്എൽ ഫുട്ബോളിൽ കേരളത്തിന്റെ സ്വന്തം ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ 2022-23 സീസണിനു മുന്നോടിയായുള്ള നാലാമത് സൈനിംഗ് പ്രഖ്യാപിച്ചു.
സ്പാനിഷ് സെന്റർ ബാക്ക് താരമായ വിക്ടർ മോൻഹിൽ അഡേവയെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. ഒഡീഷ എഫ്സിയിൽ നിന്ന് ഫ്രീ ട്രാൻസ്ഫർ ആയി ഒരു വർഷത്തേക്കാണ് വിക്ടർ മഞ്ഞപ്പടയിലെത്തിയത്.
ഐഎസ്എല്ലിൽ 2020ൽ എടികെയുടെ താരമായിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിൽ ആകെ 28 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അപ്പസ്തലസ് യാന്നുവിനുശേഷം 2022-23 സീസണിനു മുന്നോടിയായി ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്ന രണ്ടാമത് വിദേശതാരമാണ് വിക്ടർ.
29കാരനായ താരം സ്പാനിഷ് ക്ലബ്ബായ വയ്യഡോലിഡിനൊപ്പമാണ് തന്റെ യൂത്ത് കരിയര്‍ ആരംഭിച്ചത്.2021-22 സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ആക്രമണം നയിച്ച അർജന്റൈൻ താരം ഹൊർഹെ പെരേര ഡിയസ് ക്ലബ് വിട്ടതായുള്ള സ്ഥിരീകരണത്തിന്റെ രണ്ടാം നാളിലാണ് വിക്ടർ മോൻഹിൽ എത്തിയതെന്നതും ശ്രദ്ധേയം.
ഡിയസിനെ നിലനിർത്താൻ ബ്ലാസ്റ്റേഴ്സ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.