ലണ്ടന്‍: സൗന്ദര്യം സംരക്ഷിക്കാനായി ഏതറ്റം വരെ പോകാനും ഒരുക്കമുള്ള നിരവധി ആളുകള്‍ എല്ലാ മേഖലയിലുമുണ്ട്. ഇതിനായി പലരും നടത്തുന്ന പരീക്ഷണങ്ങള്‍ ചിലപ്പോള്‍ അതിരു കടക്കാറുമുണ്ട്. എന്നാല്‍ പ്രശസ്ത ഫുട്ബോളര് ഡേവിഡ് ബെക്കാമിന്റെ ഭാര്യ വിക്ടോറിയ ബെക്കാം അവതരിപ്പിച്ച പുതിയ സൗന്ദര്യസംരക്ഷണ രീതി ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.
ലണ്ടനിലെ പ്രമുഖ ഫാഷന്‍ ഡിസൈനറായ വിക്ടോറിയ ബെക്കാം ചര്‍മ്മ സംരക്ഷണത്തിനായി സ്വന്തം ചോരയില്‍ നിന്നുണ്ടാക്കുന്ന മോയ്ചറൈസിങ് ക്രീമിനായിട്ടാണ് ഇവര്‍ ലക്ഷങ്ങള്‍ ചെലവിട്ടത്.
രക്തത്തിലെ കോശങ്ങള്‍ ഉപയോഗിച്ചാണ് ക്രീം തയ്യാറാക്കിയിരിക്കുന്നതെന്ന് വിക്ടോറിയ ബെക്കാം അറിയിച്ചു. ഫാഷന്‍ ലോകത്ത് ഏറെ പ്രശസ്തയായ ഡോക്ടര്‍ ബാര്‍ബറാ സ്റ്റുറം ആണ് ക്രീം തയ്യാറാക്കിയിരിക്കുന്നത്. ചര്‍മ്മത്തിന്റെ പ്രായം നിയന്ത്രിക്കാന്‍ ക്രീം സഹായിക്കുമെന്നാണ് വിക്ടോറിയ വിശദമാക്കുന്നത്.
വാംപയര്‍ ഫേഷ്യല്‍സ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ് ഈ ഉല്‍പ്പന്നം. പുതിയ ക്രീം ഉപയോഗിച്ച ശേഷം മികച്ച അനുഭവമാണെന്നും അവര്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിക്ടോറിയ പുതിയ ക്രീമിന്റെ വിവരങ്ങള്‍ പങ്കുവെച്ചത്. എന്തായാലും വിക്ടോറിയയുടെ പുതിയ സൗന്ദര്യസംരക്ഷണ രീതി മറ്റുള്ളവര്‍ അനുകരിക്കുമോയെന്നാണ് ഇനി അറിയേണ്ടത്.