നെല്ലിയാന്പതി: മലയോരമേഖലയായ നെല്ലിയാന്പതിയിൽ വിക്ടോറിയ പ്രദേശത്ത് റോഡിന്റെ ഇരുവശങ്ങളിലും ക്രമാതീതമായി വളർന്നുനില്ക്കുന്ന ചെടികൾ വാഹനഗതാഗതത്തിന് തടസം സൃഷ്ടിക്കുന്നു.
വളരെ വീതികുറഞ്ഞ ഈ പ്രദേശത്തെ ടാർ റോഡിലേക്കാണ് ചെടികൾ വളർന്നുനില്ക്കുന്നത്. ഇതുമൂലം റോഡിൽ ജിപ്പോ കാറോ പോയാൽപോലും എതിരേ വരുന്ന ഇരുചക്രവാഹനത്തിനോ കാൽനടക്കാർക്കോ ഒതുങ്ങി നില്ക്കാൻപോലും സ്ഥലമില്ലാത്ത അവസ്ഥയാണ് കാണപ്പെടുന്നത്.
പാലക്കാട് ഡിപ്പോയിൽനിന്നും ദിനംപ്രതി മൂന്ന് കഐസ് ആർടിസി ബസുകളാണ് വിക്ടോറിയയിലേക്ക് സർവീസ് നടത്തുന്നത്. തുതംപാറ, റോസറി, പകുതിപാലം, അലക്സാൻന്ധ്രിയ, ബ്രൂക് ലൻഡ്, പോത്തുമല എന്നീ പ്രദേശങ്ങളിലെ നിവാസികൾ വിക്ടോറിയ എത്തിയാണ് ബസിൽ കയറുന്നത്.
കടുത്ത മൂടൽമഞ്ഞുള്ള സമയത്ത് കാട്ടാനയുൾപ്പടെയുള്ള മൃഗങ്ങൾ റോഡ് അരികിൽ നിന്നാൽപോലും കാണാൻ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഈ പ്രദേശത്തേ നിവാസികൾ പേടിയോടെയാണ് വിക്ടോറിയയിലുള്ള റേഷൻകടയ്ക്ക് സാധനങ്ങൾ വാങ്ങുവാൻ വൈകുന്നേരങ്ങളിൽ എത്തുന്നത്.