മോസ്കോ: രണ്ടാം ലോകമഹായുദ്ധത്തിൽ സോവ്യറ്റ് സേന നാസികളെ പരാജയപ്പെടുത്തിയതിന്റെ ഓർമ ആചരിക്കുന്ന വിക്ടറി ഡേ പരേഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശിഷ്ടാതിഥിയായി പങ്കെടുക്കാൻ സാധ്യതയുണ്ടെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മോസ്കോയിലെ റെഡ് സ്ക്വയറിൽ നടക്കുന്ന പരേഡിൽ ഇന്ത്യൻ സേന പങ്കെടുക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. മേയ് ഒന്പതിനാണ് ആഘോഷം. 80-ാം വിക്ടറി ഡേ അനുസ്മരണമാണിത്.
മോദിയുടെ സന്ദർശനം പരിഗണനയിലാണെന്ന് ഇന്ത്യൻ സേനാ വൃത്തങ്ങൾ വെളിപ്പെടുത്തിയതായി റഷ്യയിലെ ടാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. റെഡ് സ്ക്വയർ പരേഡിനുള്ള റിഹേഴ്സലിനായി ഇന്ത്യൻ സേന ഒരു മാസം മുന്പേ മോസ്കോയിലെത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നു. ഇന്ത്യയും റഷ്യയും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
റഷ്യൻ പ്രസിഡന്റ് പുടിൻ ഈ വർഷം ഇന്ത്യ സന്ദർശിച്ചേക്കും. തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും ഇതിന്റെ ഒരുക്കങ്ങൾ നടന്നുവരുന്നു. മോദി കഴിഞ്ഞ വർഷം രണ്ടുവട്ടം റഷ്യ സന്ദർശിച്ചിരുന്നു.