പ്രദീപ് ഗോപി
അദിതി എന്ന ആറു വയസുകാരി 2013 ഏപ്രിൽ 28നു പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചതും അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരമർദന മുറകൾക്കൊടുവിലായിരുന്നു. പെണ്കുട്ടിയുടെ ജനനേന്ദ്രിയത്തിൽ ഉൾപ്പടെ മാരകമായി പൊള്ളിച്ചും മർദിച്ചും അടിമയെപ്പോലെ പണിയെടുപ്പിച്ചും പട്ടിണിക്കിട്ടും കൊലപ്പെടുത്തുക യായിരുന്നു എന്നാണ് പോലീസ് കണ്ടെത്തൽ. ഇതോടെ അച്ഛൻ തിരുവന്പാടി തട്ടേക്കാട് കുറ്റിവട്ടം ഇല്ലത്ത് സുബ്രഹ്മണ്യൻ നന്പൂതിരിയെയും രണ്ടാനമ്മ ദേവിക അന്തർജനത്തെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
നന്പൂതിരിയും കുടുംബവും കോഴിക്കോട് പിഎം കുട്ടി റോഡിൽ ലക്ഷ്മി നിവാസ് എന്ന വീട്ടിൽ വാടകയ്ക്കു താമസിച്ചു വരികയായിരുന്നു. മരണത്തിനു കീഴടങ്ങുന്നതിന് ഏതാനും ദിവസം മുന്പാണ് കോഴിക്കോട് മാവൂർ റോഡിലെ സ്വകാര്യ ആശുപത്രിയിൽ അദിതിയെ അതീവ ഗുരുതരാവസ്ഥയിൽ എത്തിച്ചത്. തലയ്ക്കും ശരീരത്തിന്റെ മറ്റെല്ലാ ഭാഗങ്ങളിലും ഗുരുതരമായ പരിക്കുകളുണ്ടായിരുന്നു.
ജനനേന്ദ്രിയത്തിൽ പൊള്ളലേറ്റ പാട്. അപകടം എങ്ങനെ സംഭവിച്ചു എന്നറിയില്ലെന്നു മാതാപിതാക്കൾ പറഞ്ഞതോടെ ഡേക്ടർമാർ വിവരം നടക്കാവ് പോലീസിൽ അറിയിക്കുകയായിരുന്നു. ഇതോടെയാണ് അദിതിക്കും ജ്യേഷ്ടൻ അരുണിനും ഏൽക്കേണ്ടി വന്ന കൊടിയ പീഡനത്തിന്റെ ചുരുളഴിയുന്നത്. രണ്ടാം ഭാര്യക്കൊപ്പം ചേർന്നു സുബ്രഹ്മണ്യൻ നന്പൂതിരിയും കുട്ടികളെ മർദിക്കാറുണ്ടായിരുന്നു.
പലപ്പോഴും നാട്ടുകാരുടെ ഇടപെടലാണു ചെറിയ തോതിലെങ്കിലും ഈ കുരുന്നുകൾക്ക് ആശ്വാസമായത്. മുറ്റത്തും മുറിക്കുള്ളിലുമിട്ടു കുട്ടികളെ മർദിക്കുന്നതു നാട്ടുകാർ കണ്ടിരുന്നു. ചിലർ ഇതിൽ ഇടപെടുകയും ചെയ്തു. പിന്നീടു നാട്ടുകാർ തങ്ങളുടെ വീട്ടിലേക്കു കയറാതിരിക്കാൻ ഇവർ നാലു നായകളെ വാങ്ങി പോറ്റി. ഇതിനു പുറമേ വീടിനു ചുറ്റും പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടു മറയ്ക്കുകയും ചെയ്തു. പിന്നീട് ഇതിനുള്ളിൽവച്ചായിരുന്നു മർദനം.
അടികിട്ടുന്പോൾ ഉച്ചത്തിൽ കരയാൻപോലും അനുവാദമുണ്ടായിരുന്നില്ല. ഉച്ചത്തിൽ കരഞ്ഞാൽ അതിനാകും അടി. അദിതി ഒന്നാംക്ലാസിലും അരുൺ മൂന്നാംക്ലാസിലുമായിരുന്നു. അടിയേറ്റ പാടുമായി എത്തുന്ന കുഞ്ഞുങ്ങളോട് അധ്യാപകർ അതേപ്പറ്റി ചോദിച്ചാൽ അതുമൂലമുണ്ടാകുന്ന പീഡനം ഭയന്ന് ഒന്നും പറയാറില്ലായിരുന്നു. ഒരിക്കൽ അരുണിന്റെ കാലിലെ പൊള്ളൽ കണ്ട് അധ്യാപിക ചോദിച്ചപ്പോൾ കഞ്ഞിവെള്ളം അറിയാതെ വീണതെന്നാണ് ഈ കുട്ടി പറഞ്ഞത്.
തുടർച്ചയായ പീഡനം മൂലം കുട്ടികളുടെ നില കണ്ട ചിലർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചു. ഇവരെത്തി പരിഹാരമാർഗം നിർദേശിച്ചതോടെ ഒരാഴ്ചയോളം കുട്ടികളെ പീഡിപ്പിക്കുന്നതു നിർത്തിവച്ചിരുന്നു. ഒരാഴ്ചയ്ക്കു ശേഷം പീഡനം തുടർന്നതോടെ വീണ്ടും ചൈൽഡ് ലൈൻ പ്രവർത്തകർ എത്തിയപ്പോൾ വീട്ടിലെ നാലു നായകളെ അഴിച്ചുവിട്ടാണു നേരിട്ടത്. പിന്നീട് ക്രൂരമായ മർദനത്തിനു കൈയും കണക്കുമില്ലായിരുന്നു എന്നാണു നാട്ടുകാർ പറഞ്ഞത്.
തരക്കേടില്ലാത്ത സാന്പത്തികശേഷിയുള്ള കുടുംബമായിരുന്നു സുബ്രഹ്മണ്യൻ നന്പൂതിരിയുടേത്. ദേവികയെ വിവാഹം കഴിച്ചതോടെ വീട്ടിൽ പോകുന്നത് അപൂർവമായിരുന്നു. കുട്ടികളുടെ പേരിലുള്ള കണക്കറ്റ സ്വത്തിന്റെ വീതമെടുക്കാൻ ഇയാൾ തറവാട്ടിൽ ഇടയ്ക്കു പോകുമായിരുന്നു. വീട്ടിലെ പണിയും പട്ടിണിയും അതിലേറെ പീഡനവുമായിരുന്നു കുട്ടികൾക്കു നേരിടേണ്ടിവന്നത്. ഏറ്റവുമധികം പീഡനമേൽക്കേണ്ടിവന്നത് അദിതിക്കായിരുന്നു. പുലർച്ചെ മൂന്നു മുതൽ ഈ കുരുന്നിനെക്കൊണ്ടാണു വീട്ടിലെ ജോലിയെല്ലാം ചെയ്യിച്ചിരുന്നത്.
എന്നാൽ ഭക്ഷണം കൊടുക്കുന്നത് അപൂർവമായിരുന്നു. പട്ടിണി കിടന്നാണ് ഇളംപ്രായത്തിൽ അദിതി ഒരു വീട്ടിലെ ജോലി മുഴുവൻ ചെയ്തിരുന്നത്. ആദ്യഭാര്യ ചാത്തമംഗലം എടയ്ക്കാട്ട് ഇല്ലത്ത് ശ്രീജ മരിച്ച് ആറുമാസം കഴിഞ്ഞപ്പോൾ സുബ്രഹ്മണ്യൻ നന്പൂതിരി രണ്ടാം വിവാഹം ചെയ്തു. നേരത്തേ മുഹമ്മദ് എന്നയാളെ വിവാഹം ചെയ്ത റംലക്കു രണ്ടു മക്കളുണ്ട്. ഭർത്താവുമായി ബന്ധം പിരിഞ്ഞപ്പോൾ ഒരു മകൾ റംലയ്ക്കൊപ്പവും മറ്റൊരാൾ മുഹമ്മദിനൊപ്പവും പോയിരുന്നു.
സുബ്രഹ്മണ്യൻ നന്പൂതിരിയുമായുള്ള വിവാഹത്തോടെ റംല, ദേവിക അന്തർജനം എന്ന പേരു കരിക്കുകയായി രുന്നു.സുബ്രഹ്മണ്യൻ നന്പൂതിരിയുടെ രണ്ടാം വിവാഹത്തോടെയാണ് ഈ കുരുന്നുകളുടെ ജീവിതം മാറിമറിഞ്ഞത്. വിവാഹശേഷം ആദ്യഭാര്യയിലെ കുട്ടികളെയും പുതിയ ഭാര്യയുമായി ബിലാത്തികുളത്ത് എത്തിയതോടെ സുബ്രഹ്മണ്യൻ നന്പൂതിരിയുടെ സ്വഭാവത്തിലും പ്രകടമായ മാറ്റം കണ്ടുതുടങ്ങി. മരിച്ച ആദ്യഭാര്യയുടെ വീട്ടുകാർ വന്നാൽ കുട്ടികളെ കാണിച്ചിരുന്നില്ല.
കുട്ടികളുടെ ദുരവസ്ഥ അവിചാരിതമായി കണ്ട ശ്രീജയുടെ അമ്മ മാലതി അന്തർജനം ഒരിക്കൽ പറഞ്ഞിരുന്നു, അവർ ആ കുട്ടികളെ കൊല്ലുമെന്ന്. അതുതന്നെ സംഭവിച്ചുവെന്നു മാലതി അദിതിയുടെ മരണശേഷം പ്രതികരിച്ചിരുന്നു. തനിക്കും കുഞ്ഞനുജത്തിക്കും ഏൽക്കേണ്ടിവന്ന കൊടുംക്രൂരതകൾ അദിതിയുടെ മരണശേഷം സഹോദരൻ അരുണിലൂടെയാണു പ്രധാനമായും പുറംലോകമറിഞ്ഞത്.
കൊടുംപട്ടിണിയും ക്രൂരമായ മർദനവുമാണ് അദിതിയെ മരണത്തിലേക്കു നയിച്ചതെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നതായി ഡോക്ടർമാർ ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടാഴ്ച മുന്പു കഴിച്ച മാന്പഴത്തിന്റെ അവശിഷ്ടം മാത്രമാണു കുട്ടിയുടെ വയറ്റിൽനിന്നു കണ്ടെത്താനായത്. അതിനുശേഷം ഭക്ഷണമൊന്നും കൊടുത്തിരുന്നില്ല എന്നാണ് ഇതിൽനിന്നു വ്യക്തമായത്. കൊടിയ പീഡനമാണ് ഈ കുരുന്നിനു സഹിക്കേണ്ടിവന്നത്.
ജനനേന്ദ്രിയത്തിൽ തിളപ്പിച്ച വെള്ളമൊഴിച്ചു പൊള്ളിച്ചിരുന്നു. മലമൂത്ര വിസർജനത്തിനുപോലും കഴിയാത്തവിധത്തിലായിരുന്നു പൊള്ളൽ. ചവിട്ടിയതിന്റെയും ശ്വാസംമുട്ടിച്ചതിന്റെയും പാടുകൾ ആ കുഞ്ഞുശരീരത്തിൽ ഡോക്ടർമാർ കണ്ടെത്തി. കഴുത്തിൽ നഖത്തിന്റെ പാടുകളുമുണ്ടായിരന്നു. ശരീരത്തിന്റെ പലഭാഗത്തും നീർക്കെട്ടു കാണപ്പെട്ടു. മസിൽ ഉടഞ്ഞുപോയിരുന്നു.
ശരീരമാസകലം പരിക്കേറ്റ പാടുകൾ. ദിവസങ്ങളായി ഏൽക്കുന്ന മർദനത്തിന്റെ പാടുകളായിരുന്നു ഇത്. കൈക്കുഴയിൽനിന്നു മാംസം തെന്നിമാറിയിരുന്നു. പോഷകാഹാരക്കുറവുമൂലം മുടി, തൊലി, പല്ല് എന്നിവയുടെ നിറം മാറിത്തുടങ്ങിയിരുന്നു. തലച്ചോറിലേക്കുള്ള രക്തയോട്ടം വരെ കുറഞ്ഞിരുന്നു. സ്വകാര്യഭാഗത്തും പുറത്തും കാലിലും അടിയും മുറിവുമേറ്റ പാടുകൾ കാണപ്പെട്ടിരുന്നു.
കൊടിയ മർദനവും പട്ടിണിയും മൂലം ഇഞ്ചിഞ്ചായി പിഞ്ചുബാലിക മരണത്തിനു കീഴടങ്ങുകയായിരുന്നു. ഉരുട്ടിക്കൊലയ്ക്കു വിധേയരാകുന്നവരുടെ ശരീരത്തിലെ പോലുള്ള ക്ഷതങ്ങളായിരുന്നു അദിതിയുടെ ശരീരത്തിലുണ്ടായിരുന്നതെന്നാണു പേസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നു കേൾക്കുന്പോൾ ഇത്രയും കുരുന്നു പ്രായത്തിൽ ഈ പെൺകുട്ടി അനുഭവിച്ച വേദന എത്രയെന്നു വ്യക്തമാകും.
(തുടരും…)