പ്രദീപ് ഗോപി
മദ്യലഹരിയിൽ മുത്തശി പൊള്ളലേൽപ്പിച്ച ദേവി എന്ന പതിമൂന്നുകാരി കണ്ണീരോർമയായത് ഏതാനും വർഷം മുന്പാണ്. കൃത്യമായി പറഞ്ഞാൽ 2013 ഏപ്രിൽ 12നാണ് ദേവി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരണത്തിനു കീഴടങ്ങിയത്. ഒരു മാസമായി ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ദേവി.
ഇടുക്കി പാറക്കടവ് കോളനി പുത്തൻപുരയ്ക്കൽ ശെൽവന്റെ മകൾ മുത്ത് എന്നു വിളിക്കുന്ന ദേവിയെ മുത്തശി ഭവാനി മാർച്ച് 25നാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. തീ കൊളുത്തിയ ശേഷം മുറി പുറത്തു നിന്നു പൂട്ടിയിടുകയും ചെയ്തു. നിലവിളി കേട്ടെത്തിയ അയൽവാസികൾ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന് പെണ്കുട്ടിയെ പുറത്തെടുത്ത് പോലീസിന്റെ സഹായത്തോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ആദ്യം കോട്ടയം മെഡിക്കൽ കോളജിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സ നടത്തിയെങ്കിലും 70 ശതമാനം പൊള്ളലേറ്റ ദേവി ഒടുവിൽ മരണത്തിനു കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ മുത്തശി ഭവാനിയെ പോലീസ് അറസ്റ്റ് ചെയ്തു. മുത്തശി മദ്യലഹരിയിൽ ചെയ്തു പോയതാണെന്നും മുത്തശിയെ ജയിലിൽ അടയ്ക്കരുതെന്നുമാണ് ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിക്കിടക്കയിൽ കഴിയുന്പോഴും ദേവി പറഞ്ഞിരുന്നത്.
ചെറുപ്പത്തിൽ തന്നെ ദേവിയെ മാതാവ് ഉപേക്ഷിച്ചു പോയി. പിതാവ് ശെൽവൻ വേറെ വിവാഹം കഴിച്ച് തമിഴ്നാട്ടിൽ താമസമാക്കുകയും ചെയ്തതോടെ ദേവി അനാഥയായി. പിന്നീടു മുത്തശിക്കൊപ്പമാണ് പെണ്കുട്ടി കഴിഞ്ഞിരുന്നത്. തൊടുപുഴയിലെ സ്കൂൾ ഹോസ്റ്റലിൽ നിന്നു പഠിച്ചിരുന്ന ദേവിയെ തമിഴ്നാട്ടിൽ പഠിപ്പിക്കാനായി പിന്നീട് ഇവിടെ നിന്നു കൂട്ടിക്കൊണ്ടു പോയി.
മലയാളം മീഡിയത്തിൽ പഠിച്ചിരുന്ന ദേവിക്കു തമിഴ്നാട്ടിലെ സ്കൂളിലെത്തിയപ്പോൾ തമിഴ് അറിയാതിരുന്നതു മൂലം പഠനം ബുദ്ധിമുട്ടായി. ഇതേത്തുടർന്നു വീണ്ടും തൊടുപുഴയിലേക്ക് പെണ്കുട്ടിയെ മുത്തശി കൂട്ടിക്കൊണ്ടു വരികയായിരുന്നു.
മദ്യപിച്ച ശേഷം ഉപദ്രവിക്കുന്നത് പതിവായതിനാൽ മുത്തശിക്കൊപ്പം പോകാൻ പെണ്കുട്ടി ആദ്യം സമ്മതിച്ചില്ല. പിന്നീടിവർ കരഞ്ഞു നിലവിളിച്ചു യാചിച്ചതോടെയാണ് ദേവി ഇവർക്കൊപ്പം പോകാൻ തയാറായത്. സ്ഥിരം മദ്യത്തിന് അടിമയായ മുത്തശി മദ്യലഹരിയിൽ ദേവിയെ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തുകയായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞത്.
നായയ്ക്കൊപ്പം ചങ്ങലയിൽ ബന്ധിച്ച ആരോമൽ
മാതാപിതാക്കളുടെ ക്രൂര പീഡനത്തിനിരയായ ഇടുക്കി നെടുങ്കണ്ടത്തുള്ള ആരോമൽ എന്ന മൂന്നു വയസുകാരനെ ഒർക്കുന്നോ… മാതാപിതാക്കൾ വളർത്തുനായയ്ക്കൊപ്പം വീടിന്റെ തിണ്ണയിൽ ചങ്ങല കൊണ്ടു പൂട്ടിയിട്ട ആരോമലിനെ… ആരോമലിന്റെ ഈ ദുരിതവാർത്ത 2007 നവംബർ 19നാണ് പുറംലോകമറിയുന്നത്.
നായയ്ക്കൊപ്പം ഇത്തരത്തിൽ ആരോമൽ കഴിഞ്ഞത് ആറു മാസത്തോളമാണ്. കൂലിപ്പണിക്കാരായ മാതാപിതാക്കൾ പണിക്കു പോയിരുന്നത് കുഞ്ഞിനെ നായയ്ക്കൊപ്പം ചങ്ങലയിൽ പൂട്ടിയിട്ട ശേഷമായിരുന്നു. രാവിലെ എട്ടു മുതൽ വൈകിട്ട് ആറു വരെയാണ് എന്നും കഴിഞ്ഞിരുന്നത്. നായയ്ക്കൊപ്പമായിരുന്നു ഉറക്കവും. ചിലപ്പോൾ ഒരു പാത്രത്തിൽ നിന്നാണ് കുഞ്ഞും നായയും ഭക്ഷണം പോലും കഴിച്ചിരുന്നത്.
ഇവിടെയും തീരുന്നില്ല ആരോമലിന്റെ ദുരിതങ്ങൾ. മാതാപിതാക്കൾ ഈ കുരുന്നിന്റെ ദേഹമാസകലം പൊള്ളിച്ചിരുന്നു. ചങ്ങലയിൽ ഉരഞ്ഞു ചോര പൊടിയുന്ന കാലുകൾ… പൊള്ളലേറ്റ കുഞ്ഞിക്കൈകളും ശരീരവും… ഒട്ടിയ വയർ… കരഞ്ഞു കലങ്ങിയ കണ്ണുകൾ… ഇതായിരുന്നു മാധ്യമങ്ങളിലൂടെ കേരളസമൂഹം കണ്ട ആരോമൽ.
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്നു പോലീസ് എത്തിയാണ് ആരോമലിനെ സ്വതന്ത്രനാക്കിയത്. ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരം മാതാപിതാക്കൾക്കെതിരേ കേസെടുക്കുകയും ചെയ്തു. രാജാക്കാട് ബാലഭവനിൽ എത്തിച്ച ആരോമൽ ഇപ്പോൾ സ്കൂളിലൊക്കെ പോയി മിടുക്കനായി മാറിയിരിക്കുന്നു.
രണ്ടാനമ്മയുടെ പീഡനം
കാലടിയിൽ രണ്ടാനമ്മയുടെ മർദനത്തിൽ നാലാം ക്ലാസുകാരിക്കു ഗുരുതരമായി പരിക്കേറ്റതാണ് സംസ്ഥാനത്ത് ഇത്തരത്തിൽ നടന്ന മറ്റൊരു സംഭവം. അടൂരിൽ നാലു വയസുകാരന്റെ കൈയും കാലും പിതാവ് തല്ലിയൊടിച്ചതും കൊല്ലത്ത് നന്ദു എന്ന കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നു കാട്ടി പിതാവിനെതിരേ മാതൃമാതാവ് പോലീസിൽ പരാതി നൽകിയതും ഈ കേരളത്തിൽ തന്നെയാണ്.
കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി നിരവധി നിയമങ്ങളും സംഘടനകളും ഉണ്ടെങ്കിലും ഇവിടെ നമ്മുടെ കുരുന്നു ജന്മങ്ങളുടെ മേലുള്ള കൊടിയ പീഡനങ്ങൾ ആവർത്തിക്കുകയാണ്. നിയമം ശക്തമാക്കുകയും ഒപ്പം അവബോധവുമാണ് അനിവാര്യം.
(അവസാനിച്ചു)
കുട്ടികളുടെ അവകാശങ്ങൾ
ഐക്യരാഷ്ട്ര സംഘടനയുടെ കുട്ടികളുടെ അവകാശ ഉടന്പടി (1989) പ്രകാരം കുട്ടികൾക്ക് അതിജീവനത്തിനും വികസനത്തിനും സംരക്ഷണത്തിനും പങ്കാളിത്തത്തിനും അവകാശമുണ്ട്.
* ആറു മുതൽ 14 വയസു വരെയുള്ള കുട്ടികൾക്ക് സൗജന്യ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള അവകാശം.
* കുട്ടികൾക്കെതിരേ ഏതു തരത്തിലുള്ള ലൈംഗിക അതിക്രമവും കുറ്റകരമാണ്.
* കുട്ടികളെ അപകടകരമായ ജോലി ചെയ്യിക്കുന്നത് കുറ്റകരമാണ്.
* പോക്സോ നിയമപ്രകാരം ആദ്യ റിപ്പോർട്ടിംഗിനല്ലാതെ മൊഴിയെടുക്കാനോ തെളിവെടുപ്പിനോ പോലീസ് സ്റ്റേഷനിൽ കുട്ടികൾ പോകേണ്ടതില്ല. കുട്ടികൾക്ക് സൗകര്യപ്രദമായ സ്ഥലത്ത് പോലീസ് എത്തി മൊഴി രേഖപ്പെടുത്തണം.
* ഇത്തരം കേസുകളിൽ കുട്ടികൾക്ക് വിശ്വാസമുള്ള ആളെ കേസിന്റെ എല്ലാ നടപടികളിലും ആശുപത്രിയിലും സഹായിയായി നൽകണം.
* ലീഗൽ സർവീസസ് അഥോരിറ്റി, ചൈൽഡ് ലൈൻ ഏജൻസികൾ, ജുവനൈൽ ജസ്റ്റീസ് ബോർഡ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി, ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, സ്പെഷൽ ജുവനൈൽ പോലീസ് യൂണിറ്റ് തുടങ്ങിയവയുടെ സേവനം കുട്ടികൾക്കു ലഭ്യമാണ്.
* അഭിഭാഷകന്റെ സേവനമടക്കം സൗജന്യ നിയമസഹായത്തിന് കുട്ടികൾക്ക് അവകാശമുണ്ട്.
ചൈൽഡ് ലൈൻ ടോൾ ഫ്രീ നന്പർ-1098, കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ-0471-2326603, വനിതാ പോലീസ് ഹെൽപ്പ് ലൈൻ-1091, പോലീസ് ഹെൽപ്പ് ലൈൻ-100