പ്രദീപ് ഗോപി
അഞ്ചു വർഷം മുന്പ് കുമളി സ്വദേശിയായ ഷെഫീഖ് നേരിട്ടത് കുമാരമംഗലത്തെ ഏഴുവയസുകാരൻ നേരിട്ടതിനു സമാനമായ പീഡനമായിരുന്നു. 2015 ജൂലൈ 15 നായിരുന്നു ഷെഫീഖ് എന്ന നാലു വയസുകരനായ കുരുന്നിനെ പിതാവും രണ്ടാനമ്മയും ചേർന്നു മർദിച്ച് അവശനാക്കിയത്. കുട്ടിയെ ശാരീകമായി പീഡിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു കേസ്. ഒരു വർഷത്തോളം അനുഭവിച്ച വേദനകൾക്ക് ശേഷം ജീവിതത്തിലേക്കു ഷെഫീഖ് മടങ്ങുന്നതിനിടെയാണ് ഇടുക്കിയിൽ നിന്നു സമാനമായ മറ്റൊരു ക്രൂരമർദനത്തിന്റെ വാർത്ത പുറത്തുവരുന്നത്.
2013 ജൂലൈ 15നാണ് കുമളി ഒന്നാം മൈൽ പുത്തൻപുരയ്ക്കൽ ഷെരീഫിന്റെ മകൻ ഷെഫീഖിനെ ആദ്യം കുമളിയിലെ ആശുപത്രിയിലും പിന്നീട് കട്ടപ്പനയിലെ സെന്റ് ജോണ്സ് ആശുപത്രിയിലും എത്തിക്കുന്നത്. എട്ടു ദിവസം മുന്പ് കുട്ടിക്കു വീണു പരിക്കേറ്റെന്നാണ് അവനെ ആശുപത്രിയിലെത്തിച്ച ഷെരീഫും രണ്ടാനമ്മ അനീഷയും ആശുപത്രി അധികൃതരോടു പറഞ്ഞത്. അതീവ ഗുരുതരാവസ്ഥയിലായിരുന്നു ആ കുരുന്നപ്പോൾ.
ഇരുന്പുവടി കൊണ്ട് തലയ്ക്കും വലതു കണ്ണിന്റെ പുരികത്തും ക്ഷതങ്ങൾ. ശരീരത്തിന്റെ പല ഭാഗത്തും ചട്ടുകം കൊണ്ടു കുത്തിയ പാടുകൾ. കത്തിച്ച സിഗരറ്റ് കൊണ്ടു പൊള്ളിച്ചതു പോലുള്ള നിരവധി കറുത്ത പാടുകളും ശരീരത്തിലുണ്ടായിരുന്നു. നുള്ളിയതു കൊണ്ടാണ് ഈ പാടുകൾ ഉണ്ടായതെന്നായിരുന്നു മാതാപിതാക്കളുടെ വിശദീകരണം. ഇരുന്പു വടിയോ വിറക് കഷണം കൊണ്ടാ ഉള്ള അടിയേറ്റ് ഒടിഞ്ഞു തൂങ്ങിയ കാലുകൾ. പട്ടിണി കിടന്ന് ശോഷിച്ച ശരീരം.
കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചതാണെന്നു വ്യക്തമായതോടെ ഷെരീഫിനെയും അനീഷയെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുന്പ് കുഴൽ കൊണ്ട് കുട്ടിയുടെ കാൽ തല്ലിയൊടിച്ചതാണെന്ന് ചോദ്യം ചെയ്യലിൽ ഷെരീഫ് പോലീസിനോടു പിന്നീടു സമ്മതിച്ചു. ഷെഫീഖിനെ ഭർത്താവ് ക്രൂരമായി മർദിച്ചിരുന്നുവെന്നു രണ്ടാം ഭാര്യ അനീഷയും പോലീസിനു മൊഴി നൽകി. മദ്യപിച്ചെത്തുന്ന ഷെരീഫ് മകനെ തൊഴിക്കുകയും മർദിക്കുകയും ചെയ്യുന്നതു പതിവായിരുന്നു.
ഷെഫീഖിനെ മർദ്ദിച്ചിരുന്നതായി ഇളയ സഹോദരനും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനും മൊഴി നൽകിയിരുന്നു. ഈർക്കിലി മലദ്വാരത്തിൽ കയറ്റിയും മണൽ പഴുപ്പിച്ച് അതിൽ കിടത്തിയും ഇവർ കുട്ടിയെ പീഡിപ്പിക്കുമായിരുന്നുവെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. കുട്ടിയുടെ നെഞ്ചിൽ ആഞ്ഞു തൊഴിച്ചിരുന്നതായും പോലീസ് കണ്ടെത്തി.
ഒരു കുഞ്ഞിനോട് ഒരാളും ചെയ്യാത്ത കൊടുംക്രൂരതയാണ് ഷെഫീഖിനോടു സ്വന്തം പിതാവും മാതൃസ്ഥാനത്ത് നിൽക്കുന്ന രണ്ടാനമ്മയും ചെയ്തത്.
അച്ഛൻ തൊഴിച്ചു തെറിപ്പിച്ചപ്പോൾ രണ്ടാനമ്മ അടുപ്പിൽ തീയൂതുന്ന ഇരുന്പു കുഴൽ കൊണ്ടാണ് മർദനംഅഴിച്ചു വിട്ടത്. അടിയേറ്റ് കുട്ടിയുടെ കാൽമുട്ടിനു താഴെ തളർന്നിരുന്നു. ഈ ദണ്ഡ് കൊണ്ടുതന്നെയാണ് നെറ്റിയുടെ ഇടതുവശം അടിച്ചു പൊട്ടിച്ചത്. കുട്ടിയുടെ ഇടുപ്പിന് മുകളിലായി ശക്തമായ ക്ഷതം ഏറ്റിരുന്നു. തലച്ചോറും വൃക്ക അടക്കമുള്ള ആന്തരികാവയവങ്ങൾക്കും ക്ഷതമേൽക്കുന്ന തരത്തിലുള്ള മർദനമാണ് കുഞ്ഞു ഷെഫീഖിന് ഏൽക്കേണ്ടി വന്നത്.
ഒടിഞ്ഞുതൂങ്ങിയ കാലുമായി പുറത്തിറങ്ങാനാകാതെ കഴിഞ്ഞ കുട്ടി വീടിനുള്ളിൽ മലമൂത്ര വിസർജനം നടത്തിയതിനാണ് രണ്ടാനമ്മ മലദ്വാരത്തിൽ ഈർക്കിലി കുത്തിക്കയറ്റിയത്. ഒപ്പം വിറകുകൊള്ളി കൊണ്ട് മലദ്വാരത്തിലും മറ്റു രഹസ്യഭാഗങ്ങളിലും പൊള്ളിക്കുകയും ചെയ്തു. അലറിക്കരഞ്ഞ കുട്ടിയെ പിതാവ് കൈകാലുകൾ കൂട്ടിപ്പിടിച്ചു വായ പൊത്തിപ്പിടിച്ചു. പിതാവിന്റെ കൈയിൽ കടിച്ചപ്പോൾ നാക്കിലും ഈർക്കിലി പ്രയോഗമുണ്ടായി.
കട്ടപ്പനയിലെയും പിന്നീടു വെല്ലൂരിലെയും ചികിത്സയ്ക്കു ശേഷം ഷെഫീഖിന്റെ സംരക്ഷണം അൽ-അസ്ഹർ മെഡിക്കൽ കോളജ് അധികൃതർ ഏറ്റെടുക്കുകയായിരുന്നു. ഇപ്പോൾ പത്തു വയസുള്ള ഷെഫീഖ് രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. ഷെഫീഖിനൊപ്പം അവന്റെ എല്ലാ കാര്യങ്ങളും നോക്കാൻ ആയ രാഗിണി ഇപ്പോഴുമുണ്ട്. മർദനമേറ്റ് ആശുപത്രിയിലെത്തിച്ച അന്നു മുതൽ ഷെഫീഖിന്റെ പരിചരണം രാഗിണിക്കാണ്. സ്വയം നടക്കാൻ കഴിയില്ലെങ്കിലും വീൽചെയറിൽ ഷെഫീഖ് ആക്ടീവാണെന്നു രാഗിണി പറയുന്നു.
കുട്ടിയെ മർദിച്ച യുവാവിനെതിരേ വധശ്രമം, ഭീഷണിപ്പെടുത്തൽ, ജുവനൈൽ ജസ്റ്റീസ് ആക്ട് മുതലായ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.
(തുടരും)