സ്വന്തം ലേഖകൻ
കണ്ണൂർ: ബംഗളൂരുവിലെ ഒരു പ്രമുഖ ഐടി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിയായ യുവാവിനു കഴിഞ്ഞ ദിവസം സംഭവിച്ചത് ഇങ്ങനെ; ജോലി കഴിഞ്ഞു റൂമിലെത്തി കിടക്കാൻ തുടങ്ങുന്പോൾ ഫോണിലെ മെസഞ്ചറിലേക്ക് ഒരു “ഹായ്’ മെസേജ്.
മെസേജിന്റെ ഉറവിടം തപ്പിയപ്പോൾ കണ്ടത് ഒരു പെൺകുട്ടിയുടെ പ്രൊഫൈൽ. പേരിൽ ഒരു ഹിന്ദി ചുവയുണ്ടെങ്കിലും പ്രൊഫൈൽ ചിത്രം നോക്കിയപ്പോൾ കാണാൻ കൊള്ളാവുന്ന പെൺകുട്ടി.
ഉടൻ തന്നെ ഒരു ഹായ് അങ്ങോട്ടും ഇട്ടു, പിന്നെ ഭക്ഷണം കഴിച്ചോ എന്നൊരു ചോദ്യവും. അവിടെ നിന്നു മറുപടി വന്നു… പിന്നെ, വാട്സാപ്പ് നന്പരും ചോദിച്ചു… പെൺകുട്ടിയല്ലേ ചോദിച്ചത്..
വാട്സ് ആപ്പ് നന്പരും കൊടുത്തു..പെട്ടന്നുതന്നെ വാട്സാപ്പ് നന്പരിലും ഒരു ഹായ്…തിരിച്ചും ഒരു ഹായ് കൊടുത്ത ഉടനെ വീഡിയോ കോൾ വിളിക്കുന്നു…
പെൺകുട്ടിയെ കാണാനുള്ള അതിയായ ആഗ്രഹത്തിൽ വീഡിയോ കോൾ യുവാവ് എടുത്തു. വ്യക്തമായി പെൺകുട്ടിയെ കണ്ടില്ല. ഒരു മങ്ങിയ രൂപം മാത്രമായിരുന്നു. എന്നിരുന്നാലും ഒരു മിനിറ്റോളം സംസാരിച്ചു.
പെട്ടെന്നു തന്നെ ഫോൺ കട്ടാകുകയും ചെയ്തു. പത്തു മിനിറ്റ് കഴിഞ്ഞില്ല. വാട്സാപ്പിലേക്കും മെസഞ്ചറിലേക്കും വീഡിയോ വരുന്നു. യുവാവ് നടത്തിയ ചാറ്റിംഗിനു താഴെ യുവാവും യുവതിയും തമ്മിലുള്ള അശ്ലീല രംഗങ്ങൾ.
ഉടൻ തന്നെ ഫോൺ കോൾ വരുന്നു. അരലക്ഷം രൂപ തന്നില്ലെങ്കിൽ ഇതു നിങ്ങളുടെ സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കുമെന്ന്. യുവാവ് വഴങ്ങിയില്ല. പിന്നെ, 25,000 ആയി.
ഒടുവിൽ അയ്യായിരം വരെയായി. മൂന്ന് നന്പരുകളിൽ നിന്ന് മാറി മാറി വിളിച്ചായിരുന്നു ഭീഷണി. ഐഎഫ്സി കോഡ് അടക്കമുള്ള അക്കൗണ്ട് നന്പരും അയച്ചു തന്നു.
ഉടൻ തന്നെ കണ്ണൂരിലെ സൈബർ സെല്ലുമായി യുവാവ് ബന്ധപ്പെട്ടു. കാര്യങ്ങളെല്ലാം പറഞ്ഞു. അടുത്ത പോലീസ് സ്റ്റേഷനിൽ പരാതി കൊടക്കാൻ സൈബർ പോലീസ് പറഞ്ഞു.
മെസേജ് ഡീറ്റെയിൽസ്, ഫോൺ നന്പറുകൾ എല്ലാം വച്ചു പരാതി കൊടുക്കുകയും ചെയ്തു. ഇതിനിടയിൽ മെസഞ്ചറിലൂടെ യുവാവിന്റെ വീഡിയോ തട്ടിപ്പ് സംഘം ചില സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കുകയും ചെയ്തു.
വീഡിയോ കോൾ വഴി അശ്ലീലരംഗം പകർത്തിയെടുത്തു പണം തട്ടുന്ന ഉത്തരേന്ത്യൻ ലോബി സജീവമാണ്. പെൺകുട്ടികളെ ഉപയോഗിച്ച് ചാറ്റിംഗ് വഴി നിരവധി പേരെയാണ് ഇവർ കുടുക്കിയിരിക്കുന്നത്. മാനം പോകുമെന്ന് കരുതി പലരും പണം കൊടുത്ത് പ്രശ്നം പരിഹരിക്കുകയാണ് പതിവ്.