കോഴിക്കോട്: ഓണ്ലൈൻ ചാറ്റിംഗിനിടെ യുവതി പെട്ടന്ന് വസ്ത്രങ്ങളഴിച്ച് നഗ്നയായി നിന്നു. ചാറ്റ് കഴിഞ്ഞ ശേഷം കോഴിക്കോട്ടെ ഒരു യുവാവിന് ഫോണ് വിളികൾ വരാൻ തുടങ്ങി.
നഗ്നഫോട്ടോകൾ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുത്ത് നാണം കെടുത്തുമെന്നു പറഞ്ഞായിരുന്നു യുവതിയുടെ ഭീഷണി.
യുവാവ് ഭീഷണി അത്ര കാര്യമാക്കിയില്ല. അധികം വൈകാതെ ’ഡിജിപി’ വീഡിയോ കോളിലെത്തി. നക്ഷത്ര ചിഹ്നങ്ങൾ ധരിച്ച, യൂണിഫോമും തൊപ്പിയും ധരിച്ച ’ഡിജിപി’.
’പെണ്കുട്ടി ആത്മഹത്യയുടെ വക്കിലാണ്. ആത്മഹത്യ ചെയ്താൽ ജയിലിൽ പോകേണ്ടി വരും’ എന്നൊക്കെയായിരുന്നു പോലീസ് ഓഫീസറുടെ ഞെട്ടിക്കൽ.
തകർന്നു പോയ യുവാവ് അങ്ങനെ രണ്ടു ലക്ഷം രൂപ നൽകി. പിന്നെയും ഭീഷണി തുടർന്നപ്പോൾ കോഴിക്കോട് സൈബർ പോലീസിനെ സമീപിച്ചു.
ഹണിട്രാപിൽ കുരുങ്ങിയ യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ ’ഡിജിപി’ ആരാണെന്ന് അറിയാൻ സൈബർ പോലീസ് ഉദ്യോഗസ്ഥർ യുവാവ് നൽകിയ നന്പറിൽ തിരിച്ചു വിളിച്ചു.
വീഡിയോ കോളിൽ അങ്ങേതലയ്ക്ക് പ്രത്യക്ഷപ്പെട്ടത് ’ഡിജിപി’. ആദ്യനോട്ടത്തിൽ യഥാർത്ഥ പോലീസുകാരും ഒന്നന്പരന്നു. കൂടുതൽ വിവരങ്ങൾ ചോദിച്ചപ്പോൾ ’ഡിജിപി’ പെട്ടെന്ന് മുങ്ങി.
ആന്ധ്രപ്രദേശിലുള്ള ’ഡിജിപി’ യാണെന്നു പറഞ്ഞാണ് തട്ടിപ്പുകാർ യുവാവിൽ നിന്നു ലക്ഷങ്ങൾ തട്ടിയത്.മാനക്കേടും നാണക്കേടും കാരണം പേര് പുറത്തുപറയാൻ പറ്റാത്ത അവസ്ഥയിലാണ് യുവാവ്.
യുവാവിനെ പറ്റിച്ചവരെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹണിട്രാപിൽ കുടുക്കാൻ അപരിചിതമായ നന്പറിൽ നിന്നാണ് തട്ടിപ്പു സംഘം ആളുകൾക്ക് സന്ദേശം അയക്കുന്നത്.
നിങ്ങളുമായി പരിചയപ്പെടാൻ താൽപര്യമുണ്ടെന്നു പറഞ്ഞ് സമൂഹ മാധ്യമങ്ങളിലൂടെ ചാറ്റിംഗ് തുടങ്ങും. അധികം വൈകാതെ വീഡിയോ കോളിലേക്ക് മാറും.
വീഡിയോ കോളിലുള്ള പെണ്കുട്ടി നഗ്നയായി പ്രത്യക്ഷപ്പെട്ട് ചാറ്റിംഗ് തുടരും. ചിലപ്പോൾ ഇങ്ങേ തലക്കുള്ള യുവാക്കളും നഗ്നത പ്രദർശിപ്പിച്ച് ചാറ്റിംഗ് നടത്തും.
അതിനുശേഷമാണ് തട്ടിപ്പു സംഘം യുവാക്കളെ ബ്ളാക്ക് മെയിൽ ചെയ്യുക. വീഡിയോ ചാറ്റിംഗ് റെക്കാഡ് ചെയ്ത ശേഷം അതു കാണിച്ചാണ് ഭീഷണിപ്പെടുത്തി പണം തട്ടുന്നത്.
ഉത്തരത്തിലുള്ള ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ആളുകൾ പാഠം പഠിക്കില്ലെന്ന് സൈബർ പോലീസ് പറയുന്നു.