കൊച്ചി: അപരിചിതയായ പെണ്‍കുട്ടിയില്‍നിന്ന് ലഭിക്കുന്ന ഫ്രണ്ട് റിക്വസ്റ്റും പിന്നാലെ വീഡിയോ കോളുമായി ആളുകളെ കെണിയില്‍ വീഴ്ത്തുന്ന തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി പോലീസ്.
ആളുകളുടെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി അതില്‍ അശ്ലീല ദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഇത് ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്ന സംഘം സജീവമയിരിക്കുന്നുവെന്ന മുന്നറിയിപ്പാണ് പോലീസ് നല്‍കുന്നത്. ഇത്തരം തട്ടിപ്പില്‍ പെട്ടുപോയാല്‍ പരാതിപ്പെടാന്‍ മടിക്കരുതെന്നും പോലീസ് പറയുന്നു.
ഈ സംഘത്തിന്റെ തട്ടിപ്പ് രീതിയെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:
സോഷ്യല്‍ മീഡിയയില്‍ മുന്‍പരിചയമില്ലാത്ത പെണ്‍കുട്ടിയുടെ പേരിലുള്ള ഫ്രണ്ട് റിക്വസ്റ്റ് വരുന്നു. സ്വീകരിച്ച ഉടന്‍ വീഡിയോ കോള്‍ വരും. കോള്‍ അറ്റന്‍ഡ് ചെയ്താലോ മറു വശത്ത് ഒരു പെണ്‍കുട്ടിയുടെ നഗ്നദൃശ്യമായിരിക്കും കാണാനാകുന്നത്.
അതിന് അനുസരിച്ചു പ്രതികരിച്ചാലും ഇല്ലെങ്കിലും അടുത്തതായി ഫോണിലേക്ക് വരുന്നത് ഭീഷണി സന്ദേശങ്ങളായിരിക്കും.വീഡിയോ റിക്കാര്‍ഡ് ചെയ്തു എടുത്തിട്ടുണ്ടെന്നും, അത് ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമൊക്കെ അയച്ചു കൊടുക്കാതിരിക്കണമെങ്കില്‍ അവര്‍ ആവശ്യപ്പെടുന്ന പണം നല്‍കണം എന്നുമായിരിക്കും സന്ദേശം.
കോള്‍ അറ്റന്‍ഡ് ചെയ്തയാളുടെ രൂപം എഡിറ്റ് ചെയ്തു അശ്ലീലത കലര്‍ത്തിയുള്ള വീഡിയോയും ഇതിനൊപ്പം അയച്ചു നല്‍കും.
പരാതിപ്പെടാന്‍ മടിക്കേണ്ട
ഇത്തരത്തിലുള്ള ഒരവസ്ഥ നേരിട്ടാല്‍ ഒരിക്കലും അവര്‍ ആവശ്യപ്പെടുന്ന പണം നല്‍കരുത്. നല്കിയാല് വീണ്ടും വീണ്ടും ആവശ്യപ്പെട്ടുകൊണ്ടേയിരിക്കും. ബന്ധുക്കളെയും സുഹൃത്തുക്കളെയുമുള്‍പ്പെടെ വിവരമറിയിച്ച് ധൈര്യപൂര്‍വം തട്ടിപ്പുകാരെ നേരിടുക. അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ഓണ്‍ലൈന്‍ മുഖാന്തരമോ പരാതിപ്പെടണമെന്നാണ് പോലീസ് നിര്‍ദേശം.