ആലപ്പുഴ: വ്യാജ ഓഡിയോ ക്ലിപ്പിംഗിലൂടെ നവമാധ്യങ്ങൾ വഴി തന്നെ അപകീർത്തിപ്പെടുത്തുന്നതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ഡിസിസി പ്രസിഡൻറ് എം. ലിജു മുഖ്യമന്ത്രിക്ക് പരാതി നൽകി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ മോശം പരാമർശം നടത്തിയും അശ്ലീല പദങ്ങൾ ഉപയോഗിച്ചും തന്േറതെന്ന ശബ്ദത്തിൽ വ്യാജ ക്ലിപ്പിംഗ് പ്രചരിപ്പിക്കുന്നതിനു പിന്നിൽ ഉന്നതതല ഗൂഢാലോചന നടന്നതായി സംശയിക്കുന്നുവെന്ന് ലിജു പത്രസമ്മേളനത്തിൽ പറഞ്ഞു.
ഓഡിയോയിലുള്ളത് തന്റെ ശബ്ദമല്ല. തോമസ് ചാണ്ടിക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്ന സമയത്ത് തന്റെ വിശ്വാസ്യത തകർക്കുന്ന തരത്തിലും അശ്ലീല പദങ്ങൾ ഉൾപ്പെടുത്തി തന്റെ സ്വഭാവ ശുദ്ധിയെ ഇടിച്ചു താഴ്ത്താനുള്ള ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് സംശയിക്കുന്നു.
തന്റെ ഫോട്ടോ അപ് ലോഡ് ചെയ്തുള്ള വ്യാജപ്രചരണത്തിനെതിരെ ഡിജിപിക്ക് നേരത്തെ പരാതി നൽകിയിരുന്നു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് സൂപ്രണ്ടിനും പരാതി നൽകിയതായി ലിജു പറഞ്ഞു. പൊതുരംഗത്ത് സംശുദ്ധ പ്രവർത്തനം നടത്തുന്ന തന്നെ അടുത്തറിയാവുന്ന ആരും തന്നെ ഈ ഓഡിയോ ക്ലിപ്പിംഗ് വിശ്വസിക്കില്ല.
തന്റെ ശബ്ദം സുപരിചിതമല്ലാത്തവർക്ക് ഫോട്ടോ ഉൾപ്പെടുത്തിയുള്ള ക്ലിപ്പിംഗ് ആയതിനാൽ സംശയമുണ്ടാകും. വിദേശ രാജ്യങ്ങളിലുള്ളവരടക്കം നിരവധി പേർ ഇതിന്റെ നിജസ്ഥിതി വിളിച്ച് അന്വേഷിക്കുന്നുണ്ടെന്നും ലിജു പറഞ്ഞു. ഓണ്്ലൈൻ മാധ്യമങ്ങളായ ഐ വിറ്റ്നസ്, ജാഗ്രത എന്നിവയിലാണ് ക്ലിപ്പിംഗ് പ്രചരിക്കുന്നത്. തുടർന്ന് സിപിഎം മുഖപത്രമായ ദേശാഭിമാനിയിൽ തന്റെ ശബ്ദമാണെന്ന തരത്തിൽ അപകീർത്തീകരമായ തലത്തിൽ വാർത്ത വരികയും ചെയ്തു.
ഈ മാധ്യമങ്ങൾക്കെതിരെ എഡിറ്റേഴ്സ് ഗിൽഡിനും പരാതി നൽകും. തോമസ് ചാണ്ടിക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ നിശബ്ദമാക്കാമെന്ന് കരുതേണ്ടെന്നും ലിജു പറഞ്ഞു. ഡിസിസി ജനറൽ സെക്രട്ടറിമാരായ ജി. സഞ്ജീവ് ഭട്ട്, പി. ഉണ്ണികൃഷ്ണൻ, ട്രഷറർ ടി. സുബ്രഹ്മണ്യദാസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.