കൊച്ചി: വീഡിയോ കോണ്‍ഫറൻസിംഗ് മുഖേന ദന്പതികൾ സമ്മതം അറിയിച്ചാലും വിവാഹം രജിസ്റ്റർ ചെയ്യാമെന്നും ഇതിന് അവർ നേരിട്ടു ഹാജരാകണമെന്ന വ്യവസ്ഥ നിർബന്ധമായി പാലിക്കേണ്ടതില്ലെന്നും ഹൈക്കോടതി. ദന്പതികൾ നേരിട്ടു ഹാജരാകണമെന്നാണു വ്യവസ്ഥയെങ്കിലും മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് ഈ വ്യവസ്ഥ മാറണം. സാമൂഹ്യതാത്പര്യങ്ങൾക്കു നിയമം എതിരാകുന്നതു പുരോഗതിക്കു തടസമാകുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
മതാചാരപ്രകാരം വിവാഹിതരായശേഷം അമേരിക്കയിലെത്തി വീസ മാറ്റത്തിനു ശ്രമിക്കുന്പോൾ ഇന്ത്യയിൽനിന്നുള്ള സിവിൽ വിവാഹ സർട്ടിഫിക്കറ്റ് ആവശ്യമായി വന്നതിനെത്തുടർന്നു കൊല്ലം സ്വദേശി പ്രദീപും ഭാര്യ ബെറിലും നൽകിയ ഹർജിയിലാണു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. അമേരിക്കയിലുള്ള ഇവർക്കു പെർമനന്റ് റെസിഡന്റ് സ്റ്റാറ്റസിന് അപേക്ഷിക്കണമെങ്കിൽ വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വേണം.
ഇതിനായി നാട്ടിലേക്കു വന്നാൽ തിരിച്ചു യുഎസിലേക്കു പ്രവേശനം അനുവദിക്കുമോയെന്ന് ഉറപ്പില്ലെന്നും വിവാഹം രജിസ്റ്റർ ചെയ്തു നൽകണമെന്നും കാണിച്ച് ഇരുവരും നൽകിയ അപേക്ഷ കൊല്ലം കോർപറേഷനിൽ വിവാഹ രജിസ്ട്രേഷന്റെ ചുമതലയുള്ള ഓഫീസർ നിരസിച്ചിരുന്നു. ഇതിനെതിരേയാണ് ഇരുവരും ഹൈക്കോടതിയിൽ ഹർജി നൽകിയത്. പ്രദീപ് പിതാവ് ക്ലീറ്റസ് മുഖേനയും ബെറിൽ പിതാവ് ജോർജ് മുഖേനയുമാണ് അപേക്ഷ നൽകിയത്.
തങ്ങൾക്കുവേണ്ടി രജിസ്റ്ററിൽ ഒപ്പുവയ്ക്കാൻ ഇരുവരെയും അധികാരപ്പെടുത്തുന്ന സാക്ഷ്യപത്രവും നൽകി.എന്നാൽ, വിവാഹ രജിസ്ട്രേഷൻ ചട്ടത്തിലെ വ്യവസ്ഥ പ്രകാരം ദന്പതികൾ നേരിട്ടു ഹാജരാകണമെന്നു ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥൻ അപേക്ഷ നിരസിച്ചത്. കടവൂരിലെ ഒരു ദേവാലയത്തി ൽ ദന്പതികൾ 2000 ജനുവരി 23 ന് വിവാഹിതരായി. പ്രദീപിന് എൽ – വണ്‍ വീസയും ഭാര്യക്കും മകനും എൽ-ടു വീസയുമുണ്ട്.
അമേരിക്കയിൽ കുടിയേറ്റ നിയമങ്ങൾ കർശനമായതോടെ പെർമനന്റ് റെഡിഡന്റ് സ്റ്റാറ്റസ് ഇല്ലാത്തവർ പുറത്തു പോകേണ്ട സ്ഥിതിയായി. തുടർന്നാണു ഹർജിക്കാർ അപേക്ഷ സമർപ്പിച്ചത്.ഇക്കാലത്തു കോടതികൾ പല കേസുകളിലും വീഡിയോ കോണ്‍ഫറൻസിംഗ് മുഖേന വിചാരണ നടത്തുന്നുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. വീഡിയോ കോണ്‍ഫറൻസിംഗ് മുഖേന ഹാജരാകുന്നവർ നേരിട്ടു ഹാജരാകുന്നുവെന്നു വിലയിരുത്തിയാണു ഇത്തരം കേസുകളിൽ കോടതി നടപടി പൂർത്തിയാക്കുന്നത്.
ഈ സാഹചര്യത്തിൽ വിവാഹ രജിസ്ട്രേഷനും വീഡിയോ കോണ്‍ഫറൻസിംഗ് സാധ്യമാണ്. ഈ സംവിധാനത്തിലൂടെ ദന്പതികളുടെ സമ്മതം രജിസ്ട്രേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനു തേടാൻ കഴിയും. ഇതനുസരിച്ചു ഹർജിക്കാർക്കു വേണ്ടി രജിസ്റ്ററിൽ ഒപ്പുവയ്ക്കാൻ ഇരുവരുടെയും പിതാക്കന്മാർക്ക് അനുവാദം നൽകണമെന്ന് ഉത്തരവിൽ പറയുന്നു. ല