കോവിഡ്19 വൃദ്ധരെയും കുട്ടികളെയും മാത്രമേ ബാധിക്കൂ എന്ന തെറ്റിദ്ധാരണയുമായി സുരക്ഷാ മുന്‍കരുതലുകളില്ലാതെ ജീവിക്കുന്ന നിരവധി ആളുകള്‍ ഇപ്പോഴുമുണ്ട്.
ഇത്തരമാളുകളെ വീഡിയോയിലൂടെ ബോധവല്‍ക്കരിക്കുകയാണ് കൊറോണ ബാധിതയായ താരാ ജെയിന് ലാങ്സ്റ്റന്‍ എന്ന 39കാരി.
‘ശ്വാസകോശത്തില്‍ കുപ്പിച്ചില്ലുകള്‍ നിറഞ്ഞ പ്രതീതിയാണ്. ഓരോ ശ്വാസോച്ഛാസവും എനിക്കിന്ന് ഒരു യുദ്ധമാണ്. അത്രയധികം വേദനയാണ് ഞാന്‍ അനുഭവിക്കുന്നത്.
‘ കൊറോണ ബാധിച്ച്, വെസ്റ്റ് ലണ്ടനിലെ ഹില്ലിങ്ടണ്‍ ആശുപത്രിയിലെ ഐസിയു വില്‍ ചികിത്സയിലിരിക്കുന്ന യുവതി ലൈവ് വീഡിയോയില്‍ പറയുന്നു.
രണ്ടു കുട്ടികളുടെ മാതാവു കൂടിയായ താര കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആശുപത്രിയിലെത്തിയത്. പരിശോധനയില്‍ കോവിഡ്19 ഉണ്ടെന്ന് തെളിയുകയും ചെയ്തു.
കഴിഞ്ഞ ആഴ്ച നെഞ്ചില്‍ അണുബാധയുമായാണ് രോഗം ആരംഭിച്ചത്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആന്റിബയോട്ടിക്കും ഐബുപ്രൂഫിനും പാരസിറ്റമോളും കഴിച്ചു. ഐബുപ്രൂഫിന്‍ ആയിരിക്കും വൈറസ് ബാധ വഷളാക്കിയത് എന്നാണ് അവര്‍ വിശ്വസിക്കുന്നത്.
‘ഞാന്‍ ദിവസം എട്ട് ഐബുപ്രൂഫിന്‍ വരെ കഴിക്കുമായിരുന്നു. അതായിരിക്കും സംഗതി ഇത്ര വഷളാക്കിയത് എന്ന് ഞാന്‍ കരുതുന്നു. ഇവിടെ എത്തിയപ്പോള്‍ എനിക്ക് കൃത്രിമ ശ്വാസം നല്‍കേണ്ടിവന്നു.
ആദ്യമാദ്യം ആറു ലിറ്റര്‍ ഓക്സിജന്‍ വരെ എനിക്ക് തന്നിട്ടുണ്ട്. ഇപ്പോള്‍ സ്ഥിതി വളരെ മെച്ചപ്പെട്ടു. ദിവസം ഒരു ലിറ്റര്‍ ഓക്സിജന്‍ മാത്രമെ കൃത്രിമമായി നല്കുന്നുള്ളു.’ അവര്‍ വീഡിയോയില്‍ പറയുന്നു. വൃദ്ധര്‍ക്കും കുട്ടികള്‍ക്കും മാത്രമേ രോഗബാധയുണ്ടാവൂ എന്ന തെറ്റിദ്ധാരണ മാറ്റുവാന്‍ വേണ്ടിയാണ് വീഡിയോ ഇടുന്നതെന്ന് യുവതി പറയുന്നു.
ആരോഗ്യ പ്രവര്‍ത്തകരുടെ സേവനത്തേയും അവര്‍ വീഡിയോയിലൂടെ പ്രകീര്‍ത്തിക്കുന്നുണ്ട്. ശരീരമാസകലം മൂടിക്കെട്ടി ഏതാണ്ട് 24 മണിക്കൂറും അവര്‍ കര്‍മ്മ നിരതരാണ് എന്നാണ് വീഡിയോയില്‍ പറയുന്നത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഫേസ് മാസ്കുകള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്നുവെന്നും ഒരു നഴ്സ്, ഒരു പ്ലാസ്റ്റിക് കവര്‍ കൊണ്ട് മുഖം മൂടിയാണ് കഴിഞ്ഞ ദിവസം ഐസിയുവില്‍ എത്തിയത് എന്നും അവര്‍ വ്യക്തമാക്കി.
നിര്‍ദ്ദേശങ്ങള്‍ക്ക് വില കല്‍പ്പിക്കാതെ പൊതുസ്ഥലങ്ങളില്‍ ഒത്തുകൂടുന്നവരെ താരാജെയിന് രൂക്ഷമായി വിമര്‍ശിക്കുന്നതോടൊപ്പം തനിക്കും മുമ്പ് അതേ അവസ്ഥയായിരുന്നുവെന്ന് സമ്മതിക്കുന്നുമുണ്ട്.
ഐസിയുവില്‍ തന്റെ ഫോണ്‍ ഉപയോഗിച്ച് വീഡിയോ റെക്കോര്‍ഡ് ചെയ്തശേഷം തന്റെ സഹപ്രവര്‍ത്തകര്‍ക്ക് വാട്സപ്പില്‍ അയച്ചുകൊടുക്കുകയായിരുന്നു ഈ യുവതി. അവരാണ് മറ്റ് സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ഇത് പോസ്റ്റ് ചെയ്തത്.