കടയില്നിന്ന് വിലപിടിപ്പുള്ള സാധനങ്ങള് മോഷ്ടിച്ചു പുറത്തേക്കോടി രക്ഷപ്പെടാന് ശ്രമിച്ച മോഷ്ടാവിന് വിനയായത് കടയുടെ ചില്ല് വാതില്.
വാതിലിന്റെ ചില്ലില് ഇടിച്ച് ബോധം പോയി തറയില് വീണ് മോഷ്ടാവിനെ കയ്യോടെ പിടികൂടുകയും ചെയ്തു. ലോകപ്രശസ്ത ഫാഷന് വസ്തുക്കളുടെ നിര്മാതാക്കളായ ലൂയി വിറ്റോണിന്റെ വാഷിങ്ടണിലെ ബെല്വ്യൂ കൗണ്ടി ഷോറൂമിലാണ് മോഷണശ്രമം ഉണ്ടായത്.
ആഡംബരബാഗുകള്, പാദരക്ഷകള്, വാച്ചുകള്, ആഭരണങ്ങള് തുടങ്ങിയ ഫാഷന് ഉല്പ്പന്നങ്ങള്ക്ക് പ്രശസ്തമായ, കമ്പനിയാണ് ലൂയി വിറ്റോണ്. ഷോറൂമില് നിന്ന് വിലപിടിപ്പുള്ള ഹാന്ഡ്ബാഗുകളാണ് മോഷ്ടാവ് കൈക്കലാക്കി പുറത്തേക്ക് പാഞ്ഞത്.
വാതിലിന്റെ ഭാഗത്ത് ചില്ലാണെന്ന് തിരിച്ചറിയാതെ തുറന്ന വഴിയാണെന്ന് തെറ്റിധരിച്ച് അതുവഴി രക്ഷപ്പെടാനുള്ള മോഷ്ടാവിന്റെ ശ്രമമാണ് വലിയ പരാജയമായി മാറിയത്.
പതിനേഴുകാരനാണ് പിടിയിലായത്.വ്യാപാര സ്ഥാപനങ്ങളില്നിന്ന് സാധനങ്ങള് മോഷ്ടിക്കുന്ന വലിയ സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് പോലീസ് വ്യക്തമാക്കി. പ്രായപൂര്ത്തിയാകാത്ത കുറ്റവാളിയായതിനാല് ഇയാളുടെ പേര് പുറത്തുവിട്ടിട്ടില്ല.
കടകളും ചില്ലറവില്പനകേന്ദ്രങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അന്പതോളം പേര് ബെല്വ്യൂവില് മാത്രം അറസ്റ്റിലായതായി ദ ന്യൂടോര്ക്ക് പോസ്റ്റ് റിപ്പോര്ട്ട് ചെയ്തു.
ഇക്കൊല്ലം 59 പേര്ക്കെതിരെ ബെല്വ്യൂ പോലീസ് കേസെടുത്തിട്ടുണ്ട്. സംഘടിതമായ മോഷണശ്രമങ്ങള്ക്കെതിരേ ബെല്വ്യൂ പോലീസ് സ്വീകരിച്ചിരിക്കുന്ന നടപടികള് മൂലം ഇത്തരം കുറ്റകൃത്യങ്ങളില് കുറവു വന്നതായും പോലീസ് പറയുന്നു. സംഭവത്തിന്റെ വീഡിയോ ഇതിനോടകം വൈറലായി മാറിയിട്ടുണ്ട്.