ലോകത്ത് ഒരാളെ പോലെ ഏഴ്പേർ ഉണ്ടെന്നാണ് പറയുന്നത്. ജനപ്രിയ വ്യക്തികളുടെയും സെലിബ്രിറ്റികളുടെയും രൂപസാദൃശ്യങ്ങൾ ഉള്ളവരെ കാണുന്നത് എല്ലായ്പ്പോഴും രസകരമാണ്. ഇപ്പോഴിതാ ഇന്ത്യൻ സൂപ്പർ സ്റ്റാർ രജനികാന്തിന്റെ രൂപസാദൃശ്യമുള്ള ഒരാളാണ് സോഷ്യൽ മീഡിയയിൽ വൈറൽ.
ഫോർട്ട് കൊച്ചിയിലെ പട്ടാളം റോഡിൽ ചായക്കട നടത്തുന്ന സുധാകർ പ്രഭു ഇതിഹാസ നടനുമായുള്ള അസാധാരണമായ സാമ്യം കാരണം സോഷ്യൽ തരംഗമായിരിക്കുകയാണ്. വൈറലായ ഒരു വീഡിയോയിൽ, ഒരു ഷോർട്ട്സും ഷർട്ടും ധരിച്ച പ്രഭു നടന്റെ പെരുമാറ്റരീതികൾ അനുകരിച്ചുകൊണ്ട് കുറച്ച് ആളുകളോട് സംസാരിക്കുന്നത് കാണാം. @despoters_12345 എന്ന അക്കൗണ്ടിൽ നിന്നാണ് എക്സിൽ വീഡിയോ പങ്കിട്ടിരിക്കുന്നത്.
തലൈവരുമായി പ്രഭുവിന്റെ സാമ്യം ആദ്യം ശ്രദ്ധിച്ചത് ഒരു സിനിമാ ചിത്രീകരണത്തിനായി ഫോർട്ട് കൊച്ചിയിലെത്തിയ മലയാള നടനും സംവിധായകനുമായ നാദിർഷയാണ്.”അത്ഭുതം! ഇത് ഫോർട്ട് കൊച്ചിയിലെ സുധാകര പ്രഭു. പേരിന് പ്രഭുവാണെങ്കിലും ചായക്കടയിലാണ് ജോലി,” അദ്ദേഹത്തിന്റെ ഏതാനും ചിത്രങ്ങൾ സഹിതം സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ചു.
പ്രഭുവിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായതോടെ കേരളത്തിലുടനീളമുള്ള വിവിധ പരിപാടികളിലേക്കും ചടങ്ങുകളിലേക്കും ക്ഷണിക്കപ്പെട്ടു. കഴിഞ്ഞ വർഷം രജനികാന്തിനോട് സാമ്യമുള്ള പാകിസ്ഥാനിൽ നിന്ന് വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനായ റഹ്മത്ത് ഗഷ്കോറിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
താൻ രജനികാന്തിനെ പോലെയാണെന്ന് സഹപ്രവർത്തകർ പറഞ്ഞു തുടങ്ങിയപ്പോഴാണ് ഗാഷ്കോരി ജനപ്രിയ ഇന്ത്യൻ ചലച്ചിത്രതാരവുമായി സാമ്യമുണ്ടെന്ന് തിരിച്ചറിഞ്ഞത്. അദ്ദേഹത്തിന്റെ ശരീരഭാഷയും മുടിയിഴയും ചുവടും തലൈവറുടേതിന് സമാനമാണെന്ന് പലരും അഭിപ്രായപ്പെട്ടു.
അതിനിടെ, രജനികാന്തിന്റെ 170-ാമത് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. അത് ഒരു സാമൂഹിക സന്ദേശമുള്ള ഒരു എന്റെർടെയ്നറായിരിക്കും. നെൽസൺ സംവിധാനം ചെയ്ത ജയിലറിലാണ് അവസാനമായി ഇറങ്ങിയത്. ഓഗസ്റ്റിൽ റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസ് വിജയമായി മാറിയിരിക്കുകയാണ്. പ്രതീക്ഷയ്ക്കപ്പുറമുള്ള വിജയമാണ് ചിത്രം നേടിയത്.