തിരുവനന്തപുരം: പോലീസിന്റെ പ്രവര്‍ത്തനങ്ങൾ ഓഡിയോ/വീഡിയോ വഴി പൊതുജനങ്ങള്‍ ചിത്രീകരിക്കുന്നത് തടയരുതെന്ന് സംസ്ഥാന പോലീസ് മേധാവി.
കേരള പോലീസ് ആക്ടിലെ സെക്ഷന്‍ 33 പ്രകാരം പോലീസിനും പൊതുജനങ്ങള്‍ക്കും പോലീസ് പ്രവര്‍ത്തനത്തിന്റെയോ നടപടിയുടെയോ ഓഡിയോ, വീഡിയോ അല്ലെങ്കില്‍ ഇലക്ട്രോണിക് റെക്കാര്‍ഡുകള്‍ എടുക്കാന്‍ അവകാശമുണ്ടെന്നും അതിനാല്‍ പൊതുജനങ്ങള്‍ പോലീസ് പ്രവര്‍ത്തനത്തിന്റെ വീഡിയോ നിയമവിധേയമായി എടുക്കുന്നതിനെ തടയാന്‍ പാടില്ലെന്നും ഡിജിപി ഷെയ്ക്ക് ദര്‍വേസ് സാഹിബ് പുറത്തിറക്കിയ സർക്കുലർ വ്യക്തമാക്കുന്നു.
പോലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും സർക്കുലറിലുണ്ട്. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് ഈ സർക്കുലർ വീണ്ടും പുറത്തിറക്കിയത്.
പോലീസ് സേനാംഗങ്ങള്‍ പൊതുജനങ്ങളുമായി ഇടപെടുന്പോള്‍ പാലിക്കേണ്ട മര്യാദയെക്കുറിച്ച് വിവിധ സര്‍ക്കുലറുകളില്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും ഇത് പാലിക്കപ്പെടുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഡിജിപി സർക്കുലറിൽ പറയുന്നു.