കോഴിക്കോട്: സംസ്ഥാനത്ത് വീഡിയോ കോള്‍ വഴിയുള്ള ബ്ലാക്ക്മെയിലിംഗും തട്ടിപ്പുകളും വര്‍ധിക്കുന്നു. വാട്സ് ആപ്, മെസഞ്ചര്‍ തുടങ്ങിയവയിലെ വീഡിയോകോളിലൂടെ കെണിയൊരുക്കിയാണ് തട്ടിപ്പ് നടത്തുന്നത്.
ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ റാക്കറ്റുകളാണ് ഇതിന് പിന്നിലുള്ളതെന്നാണ് പോലീസ് പറയുന്നത്. അപരിചിതരില്‍ നിന്നുള്ള വീഡിയോ കോള്‍ സ്വീകരിക്കുന്നതിന് മുമ്പ് സൂക്ഷിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്കി.
മൊബൈല്‍ ഫോണിലേക്ക് വരുന്ന വീഡിയോ കാള്‍ അറ്റന്‍ഡ് ചെയ്താല്‍ മറുവശത്തു അശ്ലീല വീഡിയോ പ്രത്യക്ഷപ്പെടുകയും, വിന്‍ഡോ സ്ക്രീനില്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്ന ആളുടെ മുഖം ഉള്‍പ്പെടെ റെക്കോര്‍ഡ് ചെയ്തെടുത്തതിന് ശേഷം പണം ആവശ്യപ്പെടുകയുമാണ് പതിവ്.
നമ്മുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഈ വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം ആവശ്യപ്പെടുന്നത്. വീഡിയോ സാമൂഹിക മാധ്യമങ്ങളിലും യുട്യൂബിലും ഇടുമെന്നും അല്ലെങ്കില്‍ പണം വേണമെന്നുമാണ് ഭീഷണി.
ചിലര്‍ മാനഹാനി ഭയന്ന് പണം അയച്ചു നല്‍കിയെങ്കിലും ഇത്തരം തട്ടിപ്പു സംഘങ്ങള്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് പരാതിയും ലഭിച്ചിട്ടുണ്ട്.
ലിങ്ക് സാമൂഹിക മാധ്യമം വഴി സുഹൃത്തുക്കള്‍ക്ക് അയക്കുമെന്ന് ഭീഷണി മുഴക്കുന്നതോടെ, ഭൂരിഭാഗം പേരും തട്ടിപ്പുകാര്‍ക്ക് വഴങ്ങും.
ഫേസ്ബുക് പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെ നമ്മുടെ പൂര്‍ണ വിവരങ്ങള്‍ നേരത്തെ തന്നെ കൈവശപ്പെടുത്തിയാണ് തട്ടിപ്പുമായി സംഘം എത്തുന്നത്.
അതിനാല്‍ ഇവരെ ബ്ലോക്ക് ചെയ്തത് കൊണ്ടോ, അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തത് കൊണ്ടോ ഫലമില്ലെന്നും വാട്സ് ആപ്പിലൂടെ അപരിചിതരുടെ വീഡിയോ കോളുകള്‍ സ്വീകരിക്കുമ്പോള്‍ ഇത്തരം തട്ടിപ്പിനെ കുറിച്ച് ഓര്‍ക്കമെന്നും പോലീസ് അറിയിച്ചു.