അശ്ലീല വീഡിയോ അയച്ച യുവാവിനെ പരസ്യമായി തുറന്നുകാട്ടി പെൺകുട്ടി. ഹാസ്യതാരവും കണ്ടന്റ് ക്രിയേറ്ററുമായ ആഞ്ചൽ അഗർവാളിനാണ് അശ്ലീല സന്ദേശം ലഭിച്ചത്.
സ്വയംഭോഗം ചെയ്യുന്നതിന്റെ വീഡിയോ ആഞ്ചലിന് അയക്കുകയായിരുന്നു ഒരു യുവാവ്. ഒട്ടും വൈകാതെ മെസേജുകളുടെ സ്ക്രീൻഷോട്ട് സഹിതം സംഭവം ആഞ്ചൽ ട്വിറ്ററിൽ കുറിച്ചു.
സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ ഒരു ഫോളോവർ ഇത് സൈബർ സെല്ലിന്റെ ശ്രദ്ധയിൽപ്പെടുത്തി.
തുടർന്ന് സൈബർ സെൽ അധികൃതർ ആഞ്ചലുമായി ബന്ധപ്പെട്ടു. ഉടൻ ഇയാൾ മാപ്പ് അപേക്ഷയുമായി എത്തി.
എന്നാൽ ഇയാൾ വീഡിയോയിലൂടെ തന്നെ മാപ്പ് പറയണമെന്ന് ആഞ്ചല്‍ ആവശ്യപ്പെട്ടു. തുടർന്ന് ഇയാൾ മാസ്ക് ധരിച്ച് മാപ്പ് അപേക്ഷിക്കുകയായിരുന്നു എന്നും ആഞ്ചല്‍ പറഞ്ഞു.
സൈബർ സെൽ അധികൃതർ യുവാവുമായി നടത്തിയ സംഭാഷണങ്ങളുടെ സ്ക്രീൻഷോട്ടും ആഞ്ചൽ പങ്കുവച്ചു. ആഞ്ചലിനോട് ക്ഷമചോദിച്ച് കത്തെഴുതണമെന്നാണ് സൈബർ സെൽ യുവാവിനോട് ആവശ്യപ്പെട്ടത്.
അല്ലാത്തപക്ഷം നിയമനടപടി നേരിടേണ്ടി വരുമെന്നും സൈബർ സെൽ അധികൃതർ താക്കീതു നൽകുന്നുണ്ട്. താൻ ചെയ്തത് തെറ്റാണെന്നും ഇനി ഒരിക്കലും ആവർത്തിക്കില്ലെന്നും യുവാവ് പ്രതികരിക്കുന്നുണ്ട്.
നിരവധി പേരാണ് ആഞ്ചലിന്റെ പ്രവർത്തിയെ പ്രകീർത്തിച്ചത്. എല്ലാ സ്ത്രീകളും ഇത്തരത്തിൽ പ്രതികരിക്കാൻ തയാറാകണമെന്നും പലരും ആവശ്യപ്പെട്ടു.