ദൃശ്യങ്ങള്‍ അഭിഭാഷകന്റെ കൈയ്യിലോ! പള്‍സര്‍ സുനി മൊബൈല്‍ ഫോണിലെ ദൃശ്യങ്ങള്‍ അഭിഭാഷകന് കൈമാറിയതായി സൂചന

SUNI-NEWയുവനടിയെ തട്ടിക്കൊണ്ടു പോയതിനു ശേഷം കാറില്‍ വച്ചു പകര്‍ത്തിയ ദൃശ്യങ്ങള്‍ പള്‍സര്‍ സുനി മറ്റാളുകളുടെ മൊബൈല്‍ ഫോണുകളിലേക്ക് പകര്‍ത്തി നല്‍കിയതായി സൂചന. ഒരു ചിത്രത്തില്‍ ഈ നടിയുടെ ഒപ്പം അഭിനയിച്ച ഒരു നടന്റെ സുഹൃത്തായ അഭിഭാഷകന് ദൃശ്യങ്ങള്‍ കൈമാറിയെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. എന്നാല്‍ നിയമ തടസങ്ങളുള്ളതിനാല്‍ അഭിഭാഷകന്റെ ഓഫീസില്‍ പരിശോധന നടത്താനാകില്ലെന്നാണ് പോലീസിന്റെ നിലപാട്.

ഈ സംഭവത്തെത്തുടര്‍ന്ന് വിവാദത്തിലായ  നായകനടനും പള്‍സര്‍ സുനിയും ഒരുമിച്ച് ഫെബ്രുവരി 10ന്് ബംഗളുരുവിലേക്ക് വിമാനയാത്ര നടത്തിയെന്ന് ആരോപണമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് അന്വേഷണ സംഘം വിമാനത്താവളത്തില്‍ അന്വേഷിച്ചെങ്കിലും നായകനടന്റെ യാത്രയുടെ വിവരങ്ങള്‍ മാത്രമാണ് ലഭിച്ചത്. നായക നടനൊപ്പം പള്‍സര്‍ സുനിയെത്തിയെന്ന വാര്‍ത്ത പുറത്തുവിട്ടത് ബംഗളുരു വിമാനത്താവളത്തിലെ ജീവനക്കാരായിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനകളില്‍ ലഭിച്ച മൊബൈല്‍ ഫോണും മെമ്മറിക്കാര്‍ഡുകളും പെന്‍ ഡ്രൈവുകളും ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കിയിരിക്കുകയാണ്. ഇതിന്റെ ഫലം ലഭിക്കാന്‍ ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരും. കഴിഞ്ഞദിവസം കോയമ്പത്തൂരില്‍ പരിശോധന നടത്തിയ സംഘത്തിന് പള്‍സര്‍ സുനി ഒളിവില്‍ കഴിഞ്ഞവീട്ടില്‍നിന്ന് ടാബ്‌ലെറ്റും നിരവധി മൊബൈല്‍ ഫോണുകളും മെമ്മറി കാര്‍ഡുകളും പെന്‍്രൈഡവുകളും ലഭിച്ചിരുന്നു.

സംഭവത്തില്‍ മുഖ്യ സൂത്രധാരന്‍ പള്‍സര്‍ സുനിയാണെന്ന് കേസിലെ ഒന്നുമുതല്‍ നാലുവരെ പ്രതികളായ മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, പ്രദീപ്, വടിവാള്‍ സലിം എന്നിവര്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ വെളിപ്പെടുത്തി. പള്‍സര്‍ സുനി വിജീഷ് എന്നിവരെ വാഗമണ്ണിലെത്തിച്ച് തെളിവെടുത്തു. കോയമ്പത്തൂരില്‍നിന്നു രക്ഷപ്പെട്ടശേഷം വാഗമണ്ണിലാണ് ഒളിവില്‍ കഴിഞ്ഞതെന്ന സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുനിയെയും കൊണ്ട് തെളിവെടുപ്പ് നടത്തിയത്.

മുഖ്യപ്രതി പള്‍സര്‍ സുനി ഇടയ്ക്കിടെ മൊഴി മാറ്റിപ്പറയുന്നത് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ സംബന്ധിച്ച് വൈരുദ്ധ്യം നിറഞ്ഞ മൊഴികളാണ് സുനി നല്‍കുന്നത്. കൊച്ചിയില്‍ കീഴടങ്ങാനെത്തിയ ദിവസം ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ ഗോശ്രീ പാലത്തില്‍നിന്നു കായലിലേക്ക് എറിഞ്ഞുവെന്നാണ് ഇപ്പോള്‍ പറയുന്നത്. നേരത്തെ വെണ്ണലയിലെ കാനയിലേക്ക് മൊബൈല്‍ എറിഞ്ഞുവെന്ന് പറഞ്ഞതിനനുസരിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇപ്പോള്‍ അഭിഭാഷകന്റെ കൈയ്യില്‍ ദൃശ്യങ്ങളുണ്ടെന്ന വിവരം സ്ഥിരീകരിക്കാന്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്ന നിലപാടിലാണ് പോലീസ്.

Related posts